കൊച്ചി മെട്രോ ഈ കൈകളില്‍ സുരക്ഷിതം
കൊച്ചി: യാത്രക്കാരുമായി കുതിക്കാന്‍ തയാറെടുക്കുന്ന കൊച്ചി മെട്രോയെ നിയന്ത്രിക്കുന്നതിന് മുന്‍പന്തിയില്‍ വളയിട്ട കൈകള്‍. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കൂകിപ്പായുന്ന കൊച്ചി മെട്രോയുടെ സാങ്കേതിക സംവിധാനങ്ങളെല്ലാം ഇവരുടെ കൈകളില്‍ ഭദ്രമാണ്. കൊച്ചി മെട്രോയിലെ വനിതാ സാരഥികളായ ഗോപികയും വന്ദനയുമാണ് ഈ മിടുക്കികള്‍.
മെട്രോ നിയന്ത്രിക്കുന്ന ഏഴ് വനിതകളില്‍ രണ്ടുപേര്‍ ഇവരാണ്. കേരളത്തിലെ ആദ്യ മെട്രോയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരും. 39 പേരാണ് മെട്രോ സര്‍വിസ് നിയന്ത്രിക്കുന്നതിനായുള്ളത്. ഇതില്‍ 32 പേരും പുരുഷന്മാരാണ്.
വൈക്കം സ്വദേശിയായ വന്ദന എറണാകുളം പെരുമ്പാവൂരാണ് ഇപ്പോള്‍ താമസിക്കുന്നത്.
ഗോപിക കൊല്ലം സ്വദേശിയാണ്. പോളിടെക്‌നിക് ഡിപ്ലോമ നേടിയ വന്ദന മെട്രോയുടെ പരസ്യം കണ്ടാണ് ജോലിക്ക് അപേക്ഷിച്ചത്. തുടര്‍ന്ന് ഏറ്റുമാനൂരും കൊച്ചി കെ.എം.ആര്‍.എല്‍ ഓഫിസിലും നടത്തിയ പരീക്ഷയില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് മെട്രോയിലേക്ക് നിയമനം ലഭിച്ചത്. മാര്‍ച്ച് 15ന് ബംഗളൂരു മെട്രോയില്‍ പരിശീലനത്തിന് ചേര്‍ന്നു.
മൂന്ന് മാസത്തോളം അവിടെ പരിശീലനം നടത്തിയശേഷം കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് കൊച്ചി മെട്രോയിലെത്തിയത്. ഒരു വര്‍ഷത്തോളം നീണ്ട തുടര്‍പരീശീലനത്തിനു ശേഷമാണ് ഇവര്‍ കൊച്ചി മെട്രോയുടെ സാരഥ്യം ഏറ്റെടുത്തത്. ഇവരെക്കൂടാതെ കൊല്ലം സ്വദേശിനികളായ സി ഹിമ, രമ്യ ദാസ്, തൃശൂര്‍ സ്വദേശിനിയായ കെ.ജി നിധി, ചേര്‍ത്തല സ്വദേശിനി അഞ്ജു അശോകന്‍, തിരുവനന്തപുരം സ്വദേശിനി ജെ.കെ അഞ്ജു എന്നിവരാണ് കൊച്ചി മെട്രോയുടെ ഭാഗമായ മറ്റ് വനിതകള്‍.
മെട്രൊ പാതയില്‍ ഓടിക്കാനുള്ള അനുമതിക്കു മുന്‍പായുള്ള കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 400 കിലോമീറ്റര്‍ ട്രെയിന്‍ ഓടിച്ചിരിക്കണം. ഇതു കൂടാതെ യാര്‍ഡിലും 40 കിലോമീറ്റര്‍ ഓടിക്കണം. രണ്ടും കൊച്ചി മെട്രോയുടെ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
ഇവയുള്‍പ്പെടെ പരിശീലനത്തിന്റെ എല്ലാ കടമ്പകളും വിജയകരമായി പിന്നിട്ടാണ് വനിതാ സാരഥികള്‍ ഡ്രൈവിങ് സീറ്റിലെത്തിയത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കാന്‍ കഴിയുന്ന തരത്തിലാണ് കൊച്ചി മെട്രോയുടെ സംവിധാനങ്ങള്‍. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വിസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സര്‍വിസിനു മുന്‍പായുള്ള പരീക്ഷണ ഓട്ടത്തില്‍ വേഗം 80 കിലോമീറ്ററാണ്. മെട്രോ ട്രെയിനുകള്‍ ഓടിക്കുന്നത് നന്നായി ആസ്വദിച്ചാണെന്ന് ഗോപികയും വന്ദനയും പറഞ്ഞു.
ഇതുവരെ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. എട്ടു മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. ഒരു ട്രെയിനില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉള്ളത്. പ്രത്യേക ലിവര്‍ ഉപയോഗിച്ചാണ് ട്രെയിനുകള്‍ നിയന്ത്രിക്കുന്നതെന്നും ഇരുവരും പറഞ്ഞു. മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചതോടെ യാത്രക്കാരെ കയറ്റിയുള്ള സര്‍വിസ് നടത്തുന്നതിന് തികഞ്ഞ ആത്മവിശ്വാസമാണ് ഇരുവര്‍ക്കുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."