ഇന്ത്യ-യു.എസ് വ്യാപാര തര്‍ക്കം പരിഹരിക്കും
ന്യൂഡല്‍ഹി: ഇന്ത്യയും യു.എസും തമ്മില്‍ വ്യാപാര മേഖലയിലെ തര്‍ക്കങ്ങള്‍ സൗഹൃദത്തിന്റെ അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും.
ശക്തമായ സൗഹൃദമുള്ള രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിച്ച് സമവായത്തിന്റെ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയുമെന്നും ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വ്യാപാര മേഖലയിലെ അസ്വാരസ്യങ്ങള്‍, ഇന്ത്യ റഷ്യയില്‍നിന്ന് എസ്-400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതില്‍ യു.എസിനുള്ള അതൃപ്തി, എച്ച്-1 ബി വിസ നിയന്ത്രണ നടപടികള്‍, ഇറാനെതിരായ യു.എസ് നടപടി ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുന്നത് തുടങ്ങിയവയും തുറന്നതും സൗഹാര്‍ദപരവുമായ അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്തതായി ഇരുനേതാക്കളും പറഞ്ഞു. ഏതാനും നാളുകളായി ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം സുഖകരമല്ല.
എന്നാല്‍ ഇരു രാജ്യങ്ങളും പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഉയര്‍ത്തിയ യു.എസ് നടപടിയെ പോംപിയോ ന്യായീകരിക്കുകയും ചെയ്തു.
ദേശീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് റഷ്യയില്‍നിന്ന് എസ്-400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിദേശ കാര്യമന്ത്രി ജയശങ്കര്‍ മറുപടി പറഞ്ഞു. പലരാജ്യങ്ങളുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ട്. അവയില്‍ പലതും ഇപ്പോഴും ദൃഢമായി നിലനില്‍ക്കുന്നുണ്ട്.
മതസ്വാതന്ത്ര്യത്തിനായി ഇന്ത്യയും അമേരിക്കയും ഒരുപോലെ നിലകൊള്ളണമെന്ന് മറ്റൊരു ചടങ്ങില്‍ സംബന്ധിച്ചുകൊണ്ട് മൈക്ക് പോംപിയോ പറഞ്ഞു. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അമേരിക്ക തയാറാക്കിയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മൈക്ക് പോംപിയോ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് സംസാരിച്ചത്.
'നാല് പ്രധാന ലോക മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. എല്ലാവര്‍ക്കുമായി നമുക്ക് മതസ്വാതന്ത്ര്യം സംരക്ഷിക്കാം. ആ അവകാശങ്ങള്‍ക്ക് അനുകൂലമായി നമുക്ക് ഒരുമിച്ച് സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."