വിദ്യാഭ്യാസ വായ്പാ കടക്കെണി: സര്‍ക്കാര്‍ സഹായത്തിന് മാര്‍ഗനിര്‍ദേശങ്ങളായി
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ബജറ്റില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി സംബന്ധിച്ച് ധനവകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ഒന്‍പതു ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കാണ് സഹായം. ആറു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. 40 ശതമാനത്തിനു മുകളില്‍ അംഗവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക വരുമാന പരിധി ഒന്‍പതു ലക്ഷം രൂപയാണ്. ഇന്ത്യയിലെ അംഗീകൃത സാങ്കേതിക, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്കാണ് ഈ പദ്ധതി ബാധകം.
മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കും പദ്ധതിയുടെ സഹായം ലഭിക്കില്ല. മാനേജ്‌മെന്റ് ക്വാട്ടയില്‍ നഴ്‌സിങ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ചവരെ സഹായ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2016 ഏപ്രില്‍ ഒന്നിനു മുന്‍പ് തിരിച്ചടവ് ആരംഭിച്ചവര്‍ക്കാണ് സഹായം ലഭിക്കുക. ആദ്യ വര്‍ഷം 90 ശതമാനവും രണ്ടാം വര്‍ഷം75 ശതമാനവും മൂന്നാം വര്‍ഷം 50 ശതമാനവും നാലാം വര്‍ഷം 25 ശതമാനവും തുക സര്‍ക്കാര്‍ നല്‍കും. നാലു ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ എടുത്തതും 2016 മാര്‍ച്ച് 31നു മുന്‍പ് നിഷ്‌ക്രിയാസ്തിയായതുമായ വിഭാഗങ്ങളില്‍ സര്‍ക്കാര്‍ അടിസ്ഥാന തുകയുടെ 60 ശതമാനം സഹായം നല്‍കും.
ബാക്കി 40 ശതമാനം വായ്പയെടുത്തയാള്‍ അടയ്ക്കണം. നേരത്തെ തുക അടച്ചിട്ടുണ്ടെങ്കില്‍ അത് 40 ശതമാനത്തിലെ വിഹിതമായി കണക്കാക്കും. വായ്പാ കാലയളവില്‍ മരണപ്പെടുകയോ അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ഥികളുടെ വായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."