ബഹ്റൈനിലെ 'മനാമ സമ്മേളനം' ബഹിഷ്കരിച്ച് കുവൈത്ത്
മനാമ: ബഹ്റൈനില്‍ നടന്ന മനാമ സമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന് കുവൈത്ത്. അമേരിക്കയുടെ അധ്യക്ഷതയില്‍ ഇസ്റാഈല്‍ അനുകൂലമായാണ് സമ്മേളനം നടക്കുന്നതെന്നും ഇത് ഫലസ്തീന് താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് തങ്ങളുടെ അതൃപ്തിയും ബഹിഷ്കരണവും പ്രഖ്യാപിച്ചത്.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരുന്നു സമ്മേളനം നടന്നത്. അമേരിക്കയും ഇസ്റാഈലും ഏതാനും അറബ് രാഷ്ട്രങ്ങളും പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് നേരത്തെ തന്നെ ഫലസ്തീന് വ്യക്തമാക്കിയിരുന്നു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കുവൈത്തിന്റെയും പിന്മാറ്റം.
ഇസ്റാഈലുമായി വേദി പങ്കിടാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നാണ് കുവൈത്ത് വിദേശ കാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
ഫലസ്തീനെ പിന്തുണക്കുകയെന്നത് കുവൈത്തിന്റെ വിദേശനയത്തിന്റെ കാതലാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കഴിഞ്ഞദിവസം കുവൈത്ത് പാര്‍ലമെന്റ് ഐകകണ്ഠ്യേന ആവശ്യപ്പെട്ടിരുന്നു.
പാര്‍ലമെന്റിന്റെ വികാരം ഉള്‍ക്കൊള്ളുന്നതായും ഫലസ്തീന് സ്വീകാര്യമല്ലാത്ത നിര്‍ദേശങ്ങള്‍ കുവൈത്തിനും സ്വീകാര്യമല്ലെന്നും അദ്ദേഹം അറിയിച്ചു.'പുരോഗതിക്കുവേണ്ടി സമാധാനം' എന്ന തലവാചകത്തിലാണ് ബഹ്റൈനില്‍ ദ്വിദിന മനാമ സമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."