പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ചു; ഉടന്‍ നടപടിയെന്ന് എം.എല്‍.എ
കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന തോട്ടുളി പാടം, മണ്ണന്തല പാലം, സ്വാമികുളം പറമ്പ്, ചിറ്റാരിക്കണ്ടി പറമ്പ് എന്നിവിടങ്ങളിലെ വീടുകള്‍ എം.കെ മുനീര്‍ എം.എല്‍.എ സന്ദര്‍ശിച്ചു.
ഇവിടെ അറുപതോളം വീടുകളില്‍ വെള്ളം കയറുകയും ഇതില്‍ 23ഓളം പേര്‍ നഷ്ടപരിഹാരത്തിന് വില്ലേജ് ഓഫിസില്‍ അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ ഇവരെ കബളിപ്പിക്കുന്ന നിലപാടാണ് വില്ലേജ് ഓഫിസര്‍ എടുത്തതെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍.എ സ്ഥലത്തെത്തിയത്. അപേക്ഷ നല്‍കി ലഭിക്കാത്തതിനെ പറ്റി വില്ലേജ് ഓഫിസറോട് ആരാഞ്ഞപ്പോള്‍ കൗണ്‍സിലറുടെ അനുമതി വേണമെന്നുംമറ്റും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ എം.എല്‍.എയോട് പരാതി പറഞ്ഞു. ചില സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താലാണ് തങ്ങള്‍ ഒരു മാസത്തോളം ജീവിച്ചതെന്ന് അവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ നാട്ടുകാര്‍ മുന്‍പ് വില്ലേജ് ഓഫിസറെ തടഞ്ഞുവയ്ക്കുകയും നടപടിയെടുക്കാമെന്ന് പറഞ്ഞെങ്കിലും യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. കോഴിക്കോട് നഗരത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരുപാട് പേര്‍ ജീവിക്കുന്ന ഇവിടെ കഴിഞ്ഞ പ്രളയത്തില്‍ വലിയ രീതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് കോഴിക്കോട് യുവസാഹിതി ഹാളില്‍ വച്ച് തെക്കേപ്പുറം വോയ്‌സിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും ഒരു യോഗത്തില്‍ എം.എല്‍.എ പ്രദേശത്തെ ജനങ്ങളുടെ ദുരിതം അറിഞ്ഞിരുന്നു. ഇന്നലെ എം.എല്‍.എ സ്ഥലം സന്ദര്‍ശിക്കുകയും കലക്ടറോട് ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തഹസില്‍ദാറോട് ആവശ്യപ്പെടുകയും ചെയ്തു. മുനീറിനൊപ്പം സ്ഥലം കൗണ്‍സിലര്‍ അഡ്വ. പി.എം നിയാസ്, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വിവിധ സംഘടന ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."