സൈബര്‍ സുരക്ഷ: 'കൊക്കൂണ്‍ 2018' പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാവും
കോഴിക്കോട്: സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനം 'കൊക്കൂണ്‍ 2018' ന്റെ പ്രചാരണ പരിപാടികള്‍ക്ക് നാളെ സൈബര്‍ പാര്‍ക്കില്‍ തുടക്കമാവും. കേരള പൊലിസ്, ജിടെക്, ഐ.ടി മിഷന് എന്നിവരുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പൊലിസിങ് ഓഫ് സൈബര്‍ സ്പേസും (പോളിസിബ്) ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
പ്രചാരണവുമായി ബന്ധപ്പെട്ട് പ്രശസ്ത ചലച്ചിത്രതാരം നിവിന്‍ പോളി മുഖ്യാതിഥിയായെത്തും. വൈകിട്ട് നാലിന് സൈബര്‍ പാര്‍ക്കിലെ സഹ്യ ബില്‍ഡിങില്‍ നടക്കുന്ന പരിപാടിയില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസ് ആമുഖപ്രസംഗം നടത്തും. തുടര്‍ച്ചയായ 11ാം വര്‍ഷമാണ് സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യാന്തര സെമിനാര്‍ ഒരുങ്ങുന്നത്. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഒക്ടോബര്‍ 5,6 തിയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. സൈബര്‍ മേഖലയിലുള്ളവര്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പ്രത്യേകം ക്ലാസുകളും കൊക്കൂണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. കൊക്കൂണിന്റെ പതിനൊന്നാം പതിപ്പില്‍ സൈബര്‍ വിദഗ്ധരടക്കം രണ്ടായിരത്തോളം പേര് ഇത്തവണ സമ്മേളനത്തില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."