ഹൂതികള്‍ നടത്തുന്ന ഭീകരാക്രമണം യുദ്ധനിയമ ലംഘനമെന്ന് സഊദി മന്ത്രിസഭ
ജിദ്ദ: സാധാരണക്കാരെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന ഭീകരാക്രമണം യുദ്ധ നിയമ ലംഘനമാണെന്ന് സഊദി മന്ത്രിസഭാ യോഗം കുറ്റപ്പെടുത്തി. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ 10 ദിവസത്തിനിടെ 18 തവണ ആക്രമണം നടത്തി. സഊദിയുടെ നേതൃത്വത്തിലുളള സഖ്യസേന അന്താരാഷ്ട്ര മര്യാദകള്‍ പാലിച്ചാണ് ഹൂതികളെ നേരിടുന്നതെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.
ബാലിസ്റ്റിക് മിസൈലും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും ഉപയോഗിച്ച് ഹൂതികള്‍ നടത്തുന്ന ആക്രമണം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ ഒരു സിറിയക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഹൂതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സഖ്യസേനയും വ്യക്തമാക്കി.
ഗള്‍ഫ് മേഖലയില്‍ ഇറാന്‍ അശാന്തി വിതക്കുകയാണ്. സമുദ്ര ഗതാഗതത്തിന് ഇറാന്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്ക, യു.കെ, യു.എ.ഇ, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയെ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായുളള ഉഭയ കക്ഷി കരാറുകള്‍ ചര്‍ച്ച ചെയ്യുന്നതിന് സാംസ്‌കാരിക വകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."