വോളിബോള്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസേഴ്‌സ് കേരള എന്ന പേരില്‍ പുതിയ സംഘടന
തൃശൂര്‍: വോളിബോള്‍ രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിയും ദയനീയാവസ്ഥയും പരിഹരിക്കുന്നതിനും നിന്നുപോയ ടൂര്‍ണമെന്റുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുമായി വോളിബോള്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസേഴ്‌സ് കേരള എന്ന പേരില്‍ പുതിയ സംഘടനക്ക് രൂപം നല്‍കിയതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലകളിലെ കമ്മിറ്റി രൂപവത്കരണങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഇന്ന് മലപ്പുറത്തും 27, 28 തിയതികളില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലും യോഗം നടക്കും. 16 ലേറെ അഖിലേന്ത്യാ മത്സരങ്ങളും പതിന്മടങ്ങ് ഓള്‍ കേരള മത്സരങ്ങളും നൂറു കണക്കിന് പ്രാദേശിക മത്സരങ്ങളും നടന്നിരുന്ന സ്ഥാനത്ത് വിരലിലെണ്ണാവുന്നവ മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുമ്പോള്‍ അസോസിയേഷനുകളും കളിക്കാരും വന്‍ തുക പ്രതിഫലം ചോദിക്കുന്നത് പ്രതിസന്ധി കൂടുതല്‍ കടുത്തതാക്കുന്നു. നിരവധി കോര്‍ട്ടുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. പുതിയ കോര്‍ട്ടുകള്‍ നിര്‍മിക്കേണ്ടതുമുണ്ട്.
സംഘടനയുടെ സംസ്ഥാന ഭാരവാഹികള്‍: രക്ഷാധികാരികള്‍- അടൂര്‍ പ്രകാശ് എം.എല്‍.എ, ടി.എന്‍ പ്രതാപന്‍, പി.ജെ ജോയ് (മുന്‍ എം.എല്‍.എമാര്‍), ഉമ്മര്‍ ഹാജി മലപ്പുറം. ജെയ്‌സണ്‍ പാനികുളങ്ങര (പ്രസിഡന്റ്), കാലടി അജിത് (വൈസ് പ്രസിഡന്റ്), ഡാലി (ജനറല്‍ സെക്ര.), സ്റ്റീഫന്‍ ഫിലിപ്പ്, ടി.പി കുഞ്ഞിക്കോയ (സെക്രട്ടറി), പി.ജെ ബാബു (ട്രഷറര്‍). വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ എം.എല്‍.എ പി.ജെ ജോയ്, ജെയ്‌സണ്‍ പാനികുളങ്ങര, നെബു നൈനാന്‍, അജിത് കുമാര്‍, നവാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."