ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; അതുവരേ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
മുംബൈ: യുവതി നല്കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. യുവതിയുടെ അഭിഭാഷകന് നല്കിയ പ്രത്യേക അപേക്ഷയുടെ (ഇന്റര്‍വെന്‍ഷന്‍ ആപ്ലിക്കേഷന്‍) അടിസ്ഥാനത്തിലാണ് ദിവസത്തില്‍ മാറ്റം വരുത്തിയത്. പ്രതിഭാഗം അഭിഭാഷകര്‍ ജാമ്യം ലഭിക്കുന്നതിനായി കൂടുതല്‍ കൃത്രിമ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ പുതിയ തെളിവുകള്‍ ഹാജരാക്കുന്നതിനായി തങ്ങള്‍ക്കും സമയം ലഭിക്കണമെന്ന് യുവതിയുടെ അഭിഭാഷകന് ആവശ്യപ്പെടുകയായിരുന്നു.
പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പുതിയ അഭിഭാഷകനെ വെക്കുന്നതിന് കോടതി യുവതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. യുവതിക്ക് ഭീഷണിയുള്ള കാര്യം ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. പുതിയ തെളിവുകള്‍ എഴുതി നല്‍കണമെന്ന് യുവതിയോട് ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. ബിനോയ് കോടിയേരിയുടെ അഭിഭാഷകന്റെ വാദങ്ങള്‍ തള്ളിയാണ് കോടതി യുവതിക്ക് പുതിയ വക്കീലിനെ വെക്കുന്നതിനും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റണമെന്നുമുള്ള ആവശ്യത്തിനും അനുകൂലമായ നിലപാടെടുത്തത്. അതേസമയം തിങ്കളാഴ്ച വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."