ആരോഗ്യസൂചികക്കു പിന്നാലെ ഭക്ഷ്യസുരക്ഷാ രംഗത്തും കേരളം
തിരുവനന്തപുരം: ആരോഗ്യസൂചികയില്‍ ഒന്നാമതെത്തിയതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ രംഗത്തും ദേശീയ തലത്തില്‍ നേട്ടം കൊയ്ത് കേരളം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ) തയാറാക്കിയ ആദ്യ ഭക്ഷ്യസുരക്ഷാസൂചികയിലാണ് കേരളം ഒന്നാം നിരയിലെത്തിയത്.
രാജ്യത്തെ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഭക്ഷ്യസുരക്ഷാ രംഗത്തെ പ്രകടനം വിലയിരുത്തി തയാറാക്കിയ സൂചികയില്‍ ഏഴ് സംസ്ഥാനങ്ങളാണ് ഒന്നാം നിരയിലെത്തിയത്. ഭക്ഷ്യ സുരക്ഷയുടെ അഞ്ചു പരാമീറ്ററുകള്‍ വിലയിരുത്തിയതില്‍ 5ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ സംസ്ഥാനങ്ങളെയാണ് ഒന്നാം നിരയില്‍ ഉള്‍പ്പെടുത്തിയത്.
കേരളത്തിനു പുറമേ ചണ്ഡീഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ഒന്നാം നിരയിലുള്ളത്. ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടി(84) ഗോവയാണ് ഒന്നാമതെത്തിയത്. കേരളത്തിന്റെ സ്‌കോര്‍ 76. ഒന്നാം നിരയിലെ മറ്റു സംസ്ഥാനങ്ങളുടെ സ്‌കോര്‍ ഇങ്ങനെ: ചണ്ഡീഗഢ് (76), ഗുജറാത്ത് (79), മധ്യപ്രദേശ് (76), മഹാരാഷ്ട്ര (77), തമിഴ്‌നാട് (75).
2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള പ്രകടനം വിലയിരുത്തിയാണ് ഭക്ഷ്യ സുരക്ഷ സൂചിക തയാറാക്കിയത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ രംഗത്ത് ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് ഭക്ഷ്യ സുരക്ഷാ സൂചിക പുറത്തിറക്കാന്‍ എഫ്.എസ്.എസ്.എ.ഐ. തീരുമാനിച്ചത്.
ഭക്ഷ്യ സുരക്ഷ രംഗത്ത് കേരളം നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."