മുതുമലയില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തി; കുടുംബങ്ങള്‍ ദുരിതത്തില്‍
മുതുമല: മുതുമല പഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തിയെന്ന് ആരോപണം.
വനംവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി നിര്‍ത്തലാക്കിയത്. പഞ്ചായത്തില്‍ 1200 കുടുംബങ്ങളാണുള്ളത്. മുതുമല കടുവാസംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തില്‍ നാഗംപള്ളി, മണ്ടേക്കര, മുതുകുളി, കല്ലഞ്ചേരി, പുലിയാലം, കോഴിമല തുടങ്ങിയ ഗ്രാമങ്ങളാണുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടുത്തെ ഭൂമികള്‍ക്ക് പട്ടയം നല്‍കിയിരുന്നുവെങ്കിലും ഈ മേഖല കടുവാസംരക്ഷണ കേന്ദ്രമാക്കി പ്രഖ്യാപിച്ചതോടെ റിസര്‍വ് ഫോറസ്റ്റായി മാറിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ വനംവകുപ്പ് ഈ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കുന്നില്ല. 2008ല്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് മാറ്റ സ്ഥലം നല്‍കണമെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അയ്യംകൊല്ലിക്കടുത്ത ചണ്ണകൊല്ലിയില്‍ ഇവരെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ജോലി ചെയ്ത് ജീവിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണം.
പഞ്ചായത്തിലെ 450 ആളുകള്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളാണ്. ഇവര്‍ ഈ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഇവിടെ കുളങ്ങളുടെ നിര്‍മാണവും തുടങ്ങിയിരുന്നു. തൊഴിലാളികള്‍ ഇതിന്റെ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വനംവകുപ്പ് കുളം നിര്‍മിക്കുന്നതിനെതിരേ രംഗത്ത് വരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് തൊഴിലുറപ്പ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായത്.
ഇത് ജനങ്ങളുടെ ജീവിത വഴി മുട്ടിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി പുനരാരംഭിച്ച് ഇവിടുത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."