ഒടുവില്‍ കരള്‍ ചൂഴ്‌ന്നെടുത്തും യു.പി
മനുഷ്യത്വത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും കണിക തൊട്ടുതീണ്ടാത്ത യു.പി ഭരണകൂടത്തിന്റെ പരിച്ഛേദമാണ് ദിനന്തോറും അവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന കരാള സംഭവങ്ങള്‍. ഉന്നാവോയിലെയും ഹത്രാസിലെയും കല്ലേ പിളര്‍ക്കുന്ന ക്രൂരത കേട്ട് മരവിച്ച മനുഷ്യസ്‌നേഹികളുടെ കരളുകളിലേക്ക് കനല്‍ കോരിയിടുന്ന മറ്റൊരു പൈശാചിക പ്രവൃത്തി കൂടി അവിടെ സംഭവിച്ചു. പെണ്‍കുട്ടിയുടെ കരള്‍ ഭക്ഷിച്ചാല്‍ കുഞ്ഞു ജനിക്കുമെന്ന് വിശ്വസിച്ച് ഏഴു വയസുകാരിയെ കൊലപ്പെടുത്തി കരള്‍ ചൂഴ്‌ന്നെടുക്കുകയും മക്കളില്ലാത്ത ദമ്പതികള്‍ അതു ഭക്ഷിക്കുകയും ബാക്കി വന്നത് പട്ടിക്കെറിഞ്ഞ് കൊടുക്കുകയും ചെയ്തത് അഹിംസയുടെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ ലോകത്തിനു നല്‍കിയ ഇന്ത്യാ മഹാരാജ്യത്താണ്. യു.പി കാണ്‍പൂരിലെ ഗതംപൂരി ഗ്രാമത്തിനാണ് ഈ ഹതഭാഗ്യം ഏറ്റുവാങ്ങേണ്ടി വന്നത്.
മാനവ സംസ്‌കൃതിക്ക് കര്‍മസുകൃതങ്ങളുടെ ഊടും പാവും നല്‍കിയ അതിമഹത്തായ പാരമ്പര്യമുള്ള രാജ്യത്തു ദിനവും ഓരോ കൊടുംക്രൂരതകള്‍ അരങ്ങേറുകയാണ്. വര്‍ഷങ്ങളായി മക്കളില്ലാത്ത ദമ്പതികള്‍ ദുര്‍മന്ത്രവാദത്തിനു വശംവദരായി പെണ്‍കുട്ടിയുടെ കരള്‍ സംഘടിപ്പിക്കാന്‍ ബന്ധുവിനെ ഏര്‍പ്പാട് ചെയ്യുമ്പോള്‍ മറ്റൊരു പാവം പെണ്‍കുട്ടിയുടെ കരള്‍ പറിച്ചെടുത്ത് തങ്ങള്‍ക്ക് അങ്ങനെയൊരു സന്താന സൗഭാഗ്യം വേണ്ടെന്നു വച്ചില്ല. വെറും 1,500 രൂപയുടെ പ്രതിഫലത്തിന് ഒരു കൊച്ചുകുട്ടിയെ കൊല ചെയ്യാന്‍ വരെ യു.പിയിലെ ക്രിമിനലുകള്‍ക്ക് ധൈര്യം ഉണ്ടാകണമെങ്കില്‍ അഭിനവ ഇന്ത്യയുടെ കൊച്ചുപതിപ്പാണ് യു.പിയിലൂടെ ലോകത്തിനു കിട്ടിക്കൊണ്ടിരിക്കുന്നതെന്നു വേണം മനസിലാക്കാന്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ കാഴ്ചയില്‍നിന്ന് ഇന്ത്യയുടെ ദരിദ്രമുഖം മറച്ചുവയ്ക്കാന്‍ മതില്‍ പണിയുന്ന ഭരണാധികാരികള്‍ രാജ്യത്ത് നടക്കുന്ന കൊടും ക്രൂരതകള്‍ ലോകദൃഷ്ടിയില്‍നിന്ന് മറച്ചുവയ്ക്കാന്‍ എന്തു മതിലുകളാണ് പണിയുക? ദീപാവലി ദിവസം തൊട്ടടുത്ത കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ എന്തൊരു സന്തോഷത്തോടെയായിരിക്കും ആ ബാലിക പോയിട്ടുണ്ടാവുക. കരള്‍ ചൂഴ്‌ന്നെടുക്കാന്‍ കാത്തിരുന്ന കൊലയാളികളുടെ കൈകളില്‍ ആ കൊച്ചു പെണ്‍കുട്ടിയുടെ ദീപാവലി ആഘോഷം എരിഞ്ഞടങ്ങുകയും ചെയ്തു.
ക്രൂരതയും ആഭിചാരവും മന്ത്രവാദവും ചേര്‍ന്നൊഴുകുന്ന മലിനമായ ഓടയായി ഇന്നത്തെ യു.പിയെ പരിവര്‍ത്തിപ്പിച്ചതില്‍ യു.പി ഭരണകൂടത്തിന്റെ പങ്ക് വലുതാണ്. സര്‍വസംഗ പരിത്യാഗത്തിന്റെ വിളംബരമായ കാഷായ വസ്ത്രം ധരിച്ച ഒരു മുഖ്യമന്ത്രിയാണ് യു.പിയെ നയിക്കുന്നതെന്ന യാഥാര്‍ഥ്യം വിസ്മരിച്ചു കൂടാ. അന്ധവിശ്വാസത്തിലും മന്ത്രവാദത്തിലും ആഭിചാര ക്രിയകളിലും മുങ്ങിക്കിടന്ന ഇന്ത്യയെ നിരവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ അവരുടെ ജീവിതം നഷ്ടപ്പെടുത്തിയാണ് പരിഷ്‌കൃതസമൂഹമെന്ന മേല്‍വിലാസത്തിന് അര്‍ഹയാക്കിയത്. എന്നാല്‍ അതെല്ലാം മുകള്‍പരപ്പില്‍ മാത്രമായിരുന്നുവെന്ന് അടുത്ത കാലത്ത് സതിയെ തിരിച്ചുകൊണ്ടുവന്നതിലൂടെ ഇന്ത്യ ലോകത്തിനു കാണിച്ചുകൊടുത്തു. ആത്മജ്ഞാനമില്ലാത്ത ഭരണാധികാരികള്‍ വേഷഭൂഷാദികളാല്‍ ജനങ്ങളെ വഞ്ചിച്ച് രാജ്യത്തെ പിറകോട്ടു വലിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണ്‍പൂരിലേതു പോലുള്ള ദുരന്തങ്ങള്‍ക്ക് അവസാനമുണ്ടാവുകയില്ല. ബ്രാഹ്മണ്യ മേല്‍ക്കോയ്മ നിലനില്‍ക്കണമെങ്കില്‍ നിരക്ഷരതയും അന്ധവിശ്വാസവും മന്ത്രവാദവും നിലനില്‍ക്കണം.
ഹത്രാസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണരായ യുവാക്കള്‍ പിടിച്ചുകൊണ്ടുപോയി പൈശാചികമായി ബലാത്സംഗം ചെയ്ത് ജീവച്ഛവമാക്കുന്നു. സംഭവം പുറത്തുപറയാതിരിക്കാന്‍ നാവരിയുന്നു. ആശുപത്രിയില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മാതാപിതാക്കളെ കാണാന്‍ പോലും അനുവദിക്കാതെ രാത്രിക്കുരാത്രി ചുട്ടുകരിക്കുന്നു. പ്രതിഷേധിച്ചവരെ അടിച്ചൊതുക്കുന്നു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടാതെ അവരെ തടങ്കലിലാക്കുന്നു. സംഭവം അന്വേഷിക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ സിദ്ദീഖ് കാപ്പനെ യു.എ.പി.എ ഉപയോഗിച്ച് തടങ്കലില്‍ ഇടുന്നു. ഉത്തര്‍പ്രദേശില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ക്രൂര പരമ്പരകളില്‍ ഒന്ന് മാത്രമാണ് ഇപ്പോള്‍ കാണ്‍പൂരില്‍ സംഭവിച്ചതും.
സവര്‍ണ രാഷ്ട്രീയ മേല്‍ക്കോയ്മ ഇന്ത്യയില്‍ നേടിക്കൊണ്ടിരിക്കുന്ന അധികാരത്തിന്റെ മറ്റൊരു പതിപ്പാണ് ദുര്‍മന്ത്രവാദത്തിന് ഇരയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ വിധി. ദലിത് പിന്നോക്ക ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിച്ചും കൊന്നും മുന്നേറിക്കൊണ്ടിരിക്കുന്ന യോഗി ആദിത്യനാഥിന്റെ യു.പി ആഭിചാര ക്രിയകളുടെയും വിളനിലമാണ്. സര്‍ക്കാര്‍ അക്രമികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമ്പോള്‍, നീതിന്യായ സ്ഥാപനങ്ങള്‍ മൗനമുദ്രിതമാകുമ്പോള്‍ നിരാലംബരുടെ നിലവിളികള്‍ ഇനിയും ഉയര്‍ന്നുകൊണ്ടേയിരിക്കും. കാരണം, എല്ലാ സംഭവങ്ങളിലും അക്രമികള്‍ മേല്‍ജാതിക്കാരാണ് എന്നതു തന്നെ. അക്രമിക്കപ്പെടുന്ന ഇരകളുടെ സാമൂഹികമായ അരക്ഷിതാവസ്ഥയും അക്രമികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട പരിരക്ഷയും ഈ വസ്തുത വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലെ മേല്‍ജാതിക്കാരുടെ രാഷ്ട്രീയാധികാരത്തിന്റെ പ്രതിപുരുഷനായി യോഗി ആദിത്യനാഥ് ഭരണചക്രം തിരിക്കുമ്പോള്‍ ബ്രാഹ്മണ്യത്തിന്റെ അക്രമ പരമ്പരകള്‍ യു.പിയില്‍ അവസാനിക്കാന്‍ പോകുന്നില്ല. പൊലിസും സംഘ്പരിവാര്‍ ക്രിമിനലുകളും കൈകോര്‍ത്ത് നടത്തിക്കൊണ്ടിരിക്കുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ പീഡനങ്ങളും അന്ധവിശ്വാസത്തിന്റെ പേരിലുള്ള കുരുതികളും ഇനിയും ഉണ്ടാകും. കാണ്‍പൂരുകളും ഹത്രാസുകളും ഉന്നാവോയും ഇനിയും ആവര്‍ത്തിക്കും.
ഹിന്ദുത്വ രാഷ്ട്രം അധഃസ്ഥിതര്‍ക്കും ദലിതര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒരുക്കിവച്ചിരിക്കുന്നതിന്റെ മാതൃകകളാണ് യു.പിയിലെ സംഭവങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."