സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ മുന്നോക്ക വിഹിതം: തീരുമാനം ഉടനുണ്ടാകും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് മുന്നോക്ക സംവരണത്തിനായുള്ള വിഹിതം നിശ്ചയിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകും. വിഷയത്തില്‍ ആരോഗ്യ വകുപ്പ് നിയമവകുപ്പിന്റെ ഉപദേശം തേടി.
കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് മുന്നോക്ക സംവരണത്തിന് അര്‍ഹതപ്പെട്ടതിലും അധികം സീറ്റുകള്‍ നല്‍കിയത് വിവാദമായ പശ്ചാത്തലത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം തേടാന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് നാളെയാണ് പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും മുന്നോക്ക സംവരണം സംബന്ധിച്ച് തീരുമാനമാകാത്തതിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. നാളെ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നതിനാല്‍ നിയമവകുപ്പിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഇന്നുതന്നെ ഉത്തരവിറക്കാനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞ വര്‍ഷം ആകെ സീറ്റിന്റെ പത്തുശതമാനത്തിലധികമാണ് എം.ബി.ബി.എസ് കോഴ്‌സിലെ മുന്നോക്ക സംവരണത്തിനായി സര്‍ക്കാര്‍ നീക്കിവച്ചത്.
ഈ പ്രാവശ്യം ആകെ സീറ്റിന്റെ പത്തുശതമാനമായിരിക്കുമോ അതോ ജനറല്‍ മെറിറ്റിന്റെ മാത്രം പത്തുശതമാനമായിരിക്കുമോ മുന്നോക്ക സംവരണത്തിനായി നല്‍കുകയെന്നത് പിന്നോക്ക വിഭാഗങ്ങളും സംഘടനകളും വീക്ഷിക്കുകയാണ്.
മുന്നോക്ക സംവരണം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയ പശ്ചാത്തലത്തില്‍, മെഡിക്കല്‍ പ്രവേശനത്തിലെ തീരുമാനവും വിവാദമാകാന്‍ സാധ്യതയുള്ളതിനാലാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിഷയം ആരോഗ്യവകുപ്പിലേക്ക് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."