സമസ്ത പ്രാര്‍ഥനാ ദിനം 22ന്
ചേളാരി: സമസ്ത പ്രാര്‍ഥനാ ദിനം ഈ മാസം 22നു (റബീഉല്‍ ആഖിര്‍ 6) നടക്കും. എല്ലാ വര്‍ഷവും റബീഉല്‍ ആഖിറിലെ ആദ്യ ഞായറാഴ്ചയാണ് പ്രാര്‍ഥനാ ദിനമായി ആചരിച്ചുവരുന്നത്.
പള്ളികളും മദ്‌റസകളും മറ്റു സ്ഥാപനങ്ങളും സ്ഥാപിച്ചവര്‍, മണ്‍മറഞ്ഞ പണ്ഡിതന്മാര്‍, നേതാക്കള്‍, കമ്മിറ്റി ഭാരവാഹികള്‍, സംഘടനാ പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പരലോക ഗുണത്തിനു വേണ്ടിയും മറ്റുമായാണ് വര്‍ഷത്തില്‍ ഒരു ദിവസം പ്രാര്‍ഥനാ ദിനമായി സമസ്ത ആചരിക്കുന്നത്. കൊവിഡ് മൂലം മദ്‌റസകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സദസുകള്‍ സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സാധ്യമായ രീതികള്‍ അവലംബിച്ചാണ് പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുക. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന 22നു രാവിലെ ഒന്‍പതിനു പ്രാര്‍ഥനാ സദസ് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉമല പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകും.
പ്രാര്‍ഥനാ ദിനമായതിനാല്‍ 22നു ഓണ്‍ലൈന്‍ മദ്‌റസാ ക്ലാസിന് അവധിയായിരിക്കും. പ്രാര്‍ഥനാ ദിനം വിജയിപ്പിക്കാന്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."