സംസ്ഥാന പൊലിസ് കായികമേളയ്ക്ക് തുടക്കമായി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ നാല്‍പത്തി ആറാമത് കേരള സംസ്ഥാന പൊലിസ് കായിക മേളക്ക് തുടക്കമായി. അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിംപ്യന്‍ ഷൈനി വിത്സന്‍ ഉദ്ഘാടനം ചെയ്തു.
അന്തര്‍ദേശീയ താരങ്ങളായ എം.പി സദാശിവന്‍, എം. രാജന്‍, റോയ് പി. ജോസഫ് എന്നിവരേന്തിയ ദീപശിഖ അന്തര്‍ദേശീയ താരം പി.വി വിത്സന്‍ ഷൈനി വിത്സന് കൈമാറിയതോടെയാണ് കായിക മേളയ്ക്ക് ഔദ്യോഗികമായി തുടക്കമായത്. എ.ഡി.ജി.പി ഡോ. സന്ധ്യ ഐ.പി.എസ്, ഡി.ഐ.ജി അനൂപ് കുരുവിള ഐ.പി.എസ്, മലപ്പുറം ജില്ലാ പൊലിസ് മേധാവി ടി. നാരായണ്‍ ഐ.പി.എസ്, കെ.എ.പി സെക്കന്‍ഡ് കമാന്‍ഡന്റ് ദേപേഷ്‌കുമാര്‍ ഐ.പി.എസ്, എം.എസ്.പി കമാന്‍ഡന്റ് അബ്ദുല്‍കരീം ഐ.പി.എസ് പങ്കെടുത്തു. മേളയുടെ ആദ്യദിനത്തില്‍ 15 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റുമായി കഴിഞ്ഞ 14 വര്‍ഷമായി ചാംപ്യന്‍മാരായി തുടരുന്ന കണ്ണൂര്‍ മുന്നിലെത്തി. തൊട്ടുപിറകില്‍ 10 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ആറ് പോയിന്റുമായി ഇടുക്കി മൂന്നാം സ്ഥാനത്തുണ്ട്. ആതിഥേയ ജില്ലയായ മലപ്പുറം മേളയുടെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അതേസമയം, ബറ്റാലിയന്‍ വിഭാഗത്തില്‍ 43 പോയിന്റുള്ള കെ.എ.പി 5 ഒന്നാം സ്ഥാനത്തെത്തി.
33 പോയിന്റുമായി ഇന്ത്യന്‍ റിസര്‍വ് പൊലിസ് രണ്ടാം സ്ഥാനത്തും, 28 പോയിന്റുമായി കെ.എ.പി 2 ബറ്റാലിയന്‍ മൂന്നാം സ്ഥാനത്തുമെത്തി. ബറ്റാലിയനില്‍ ഇന്ത്യന്‍ റിസര്‍വ്ഡ് ബറ്റാലിയന്‍, കെ.എ.പി 1, കെ.എ.പി 2, കെ.എ.പി 3, കെ.എ.പി 4, കെ.എ.പി 5, എം.എസ്.പി, ആര്‍.ആര്‍.ആര്‍.എഫ്, എസ്.എ.പിയും മത്സര രംഗത്തുണ്ട്. ഇന്നലെ രാവിലെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് മേളയ്ക്ക് തുടക്കമായത്. 100 മീറ്റര്‍ മെന്‍ ആന്‍ഡ് വുമണ്‍, ഷോട്ട്പുട്ട് മെന്‍ ആന്‍ഡ് വുമണ്‍, ലോങ് ജംപ്് മെന്‍ ആന്‍ഡ് വുമണ്‍, ജാവലിങ് ത്രോ മെന്‍ ആന്‍ഡ് വുമണ്‍, ഹൈജംപ് മെന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് മെന്‍, 800 മീറ്റര്‍ മെന്‍ ആന്‍ഡ് വുമണ്‍, 200 മീറ്റര്‍ മെന്‍ ആന്‍ഡ് വുമണ്‍ എന്നീ ഇനങ്ങളാണ് ഇന്നലെ പൂര്‍ത്തിയായത്. രണ്ടാംദിനമായ ഇന്ന് രാവിലെ 7 ന് 10000 മീറ്റര്‍ നടത്തത്തോടെ മത്സരങ്ങള്‍ പുനരാരംഭിക്കും. മേളയില്‍ ആകെ 34 കായിക ഇനങ്ങളിലായാണ് മത്സരം. നാളെ മേളയ്ക്ക് സമാപനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."