വിടപറഞ്ഞത് വനിതാഫുട്‌ബോളിനായി പ്രയത്‌നിച്ച കൗണ്‍സിലര്‍
കണ്ണൂര്‍: വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കും കണ്ണൂര്‍ നഗരവികസനത്തിനും വേണ്ടി ഏറെ പ്രയത്‌നിച്ച വ്യക്തിയായിരുന്നു ഇന്നലെ മരണപ്പെട്ട മുന്‍ കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ പരിമള ബാലകൃഷ്ണന്‍.
1968 മുതല്‍ 1988 വരെ കണ്ണൂര്‍ നഗരസഭയില്‍ താവക്കര വാര്‍ഡിലെ ജനപ്രതിനിധിയായിരുന്നു പരിമള. ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ഏറെ പ്രയത്‌നിച്ച അവര്‍ വനിതാ ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്തുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനുമായി രാപ്പകല്‍ രംഗത്തിറങ്ങി. വനിതാ ഫുട്‌ബോളില്‍ കണ്ണൂരിനെ ശക്തിപ്പെടുത്തുകയും സംസ്ഥാന തലത്തില്‍ തന്നെ താരങ്ങളെ സൃഷ്ടിക്കാനും പരിമളാ ബാലകൃഷ്ണന്‍ ഏറെ പരിശ്രമിച്ചു. അന്നത്തെ മുഖ്യമന്ത്രിമാരായിരുന്ന എ.കെ ആന്റണി, കെ. കരുണാകരന്‍ എന്നിവരെ സമീപിച്ച് വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചക്കായി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും അവ നടപ്പിലാക്കാന്‍ വേണ്ടി ശ്രമിച്ചിട്ടുമുണ്ട്.
മികച്ച സംഘാടന മികവും ഫുട്‌ബോളിനോടുള്ള താല്‍പ്പര്യവും പരിമളയെ തുടര്‍ച്ചയായി പത്ത് വര്‍ഷത്തോളം വനിതാ ഫുട്‌ബോളിന്റെ അമരക്കാരിയാക്കി. കൗണ്‍സിലര്‍ എന്ന നിലയില്‍ നഗരത്തിന്റെ വികസനത്തിനും താവക്കര വാര്‍ഡിന്റെ വികസനത്തിന് വേണ്ടിയും നഗരസഭ ചെയര്‍മാന്‍മാരായ എം.കെ കുമാരന്‍, ഇ. അഹമ്മദ്, എം.കെ ഖാലിദ് എന്നിവരുടെ മുന്നില്‍ നിരവധി ആവശ്യങ്ങളുന്നയിച്ച് നേടിയെടുക്കാന്‍ പരിമളയ്ക്ക് സാധിച്ചു. കണ്ണൂരിന്റെ മുഖച്ഛായ മാറ്റിയ റെയില്‍വേ ഓവര്‍ബ്രിഡ്ജ്, താവക്കര ബൈപാസ്, താവക്കരയിലെ പുതിയ ബസ്സ്റ്റാന്റിന് എന്നിവയ്ക്കു വേണ്ടി ഏറെ ശ്രമിക്കുകയും അത് പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത പരിമള ബാലകൃഷ്ണന്റെ വിയോഗത്തോടെ പഴയകാല കണ്ണൂരിന്റെ ശില്‍പികളിലൊരാള്‍ കൂടിയാണ് യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."