ലഹരിക്കായി ജീവന്‍ രക്ഷാമരുന്നുകള്‍: പരിശോധന നടത്തി
വണ്ടൂര്‍: ലഹരിക്കായി ജീവന്‍ രക്ഷാ മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ജില്ലയിലെ മരുന്നു കടകളില്‍ ഔഷധ നിയന്ത്രണ ഉദ്യോഗസ്ഥരും എക്‌സൈസ് വകുപ്പും സംയുക്ത പരിശോധന നടത്തി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടേയും,ഡ്രഗ്ഗ് ഇന്‍സ്‌പെക്ടര്‍മാരുടേയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിയമം ലംഘിച്ച് മരുന്നു വില്‍പന നടത്തിയ നിരവധി സംഭവങ്ങള്‍ കണ്ടെത്തി.
ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്ന 12 ഇന മരുന്നുകളുടെ വില്‍പന നിയന്ത്രിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കുന്നവരെ കണ്ടെത്താന്‍ രഹസ്യ നിരീക്ഷണമടക്കമുള്ളവ നടത്താനും നിര്‍ദേശം നല്‍കിയിരുന്നു.
താനൂരിലെ മൂന്നു കടകളിലും, വെന്നിയൂരില്‍ രണ്ട് കടകളിലും, ചെമ്മാട്ട് മൂന്നു കടകളിലും നിയമം ലംഘിച്ച മരുന്നു വില്‍പന നടത്തിയത് പരിശോധനയില്‍ കണ്ടെത്തി.ഇവര്‍ക്കെതിരെ നടപടിയാവശ്യപെട്ട് കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്ഗ് കണ്‍ട്രോളര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വിപണിയിലെത്തുന്ന ഏതെല്ലാം തരം മരുന്നുകളാണ് ലഹരിക്കുപയോഗിക്കുന്നതെന്ന കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതും ഇതിനു പ്രയാസം സൃഷ്ടിക്കുകയാണ്. സ്‌കൂളുകളിലും, ഗ്രാമ സഭകളിലുമെല്ലാം ഇതു സംബന്ധിച്ച് ബോധവത്കരണം നടത്താനും എക്‌സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."