ഇബ്‌റാഹീംകുഞ്ഞ് കുടുങ്ങിയത് സൂരജിന്റെ മൊഴിയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്‌റാഹീംകുഞ്ഞ് കുടുങ്ങിയത് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും കേസില്‍ നാലാം പ്രതിയുമായ ടി.ഒ സൂരജിന്റെ മൊഴിയില്‍. വിജിലന്‍സിനു നല്‍കിയ മൊഴി തന്നെ പുറത്ത് മാധ്യമങ്ങള്‍ക്കു മുന്നിലും വ്യക്തമാക്കി ഇബ്‌റാഹീംകുഞ്ഞിനു സൂരജ് കുരുക്ക് കൂടുതല്‍ മുറുക്കി.
ഇബ്‌റാഹീംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു സൂരജ് നല്‍കിയ മൊഴി. അറസ്റ്റിലായ ആദ്യ ദിവസങ്ങളില്‍ മിണ്ടാതിരുന്ന സൂരജ് തുടര്‍ച്ചയായി റിമാന്‍ഡ് ചെയ്യപ്പെടുകയും ആരും തുണയ്ക്കാനെത്തുന്നില്ലെന്നു മനസിലാക്കുകയും ചെയ്തതോടെയാണ് നിലപാട് മാറ്റി മുന്‍ മന്ത്രിയെ കുരുക്കിയത്.
തന്നെ മന്ത്രി കുടുക്കിയതാണെന്നായിരുന്നു ആദ്യ പ്രതികരണം. അത് അടുത്ത ദിവസങ്ങളില്‍ പിന്നെയും കടുപ്പിച്ചു. പിന്നെ ഓരോ കോടതിക്കും മുന്നിലേക്കുള്ള ഓരോ വരവിലും സൂരജ് ഇബ്‌റാഹീംകുഞ്ഞിനെതിരേ സൂചനകള്‍ നല്‍കിക്കൊണ്ടേയിരുന്നു. പലിശ വാങ്ങാതെ ആര്‍.ഡി.എസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കാന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എം.ഡി ശുപാര്‍ശ ചെയ്തതായും സൂരജ് ആരോപിച്ചു. ഹൈക്കോടതിയിലെ തന്റെ ജാമ്യ ഹരജിയിലും സൂരജ് നിലപാടുകള്‍ ആവര്‍ത്തിച്ചു.
അതേസമയം സൂരജിന്റെ ആരോപണങ്ങളെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷ് തള്ളിയിരുന്നു. എല്ലാം രേഖകളിലുണ്ടെന്നും ആര്‍ക്കു വേണമെങ്കിലും രേഖകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസില്‍ മുഹമ്മദ് ഹനീഷിനെയും ചോദ്യം ചെയ്തിരുന്നു.
പാലം നിര്‍മിച്ച ആര്‍.ഡി.എസ് പ്രൊജക്ട്‌സ് മാനേജിങ് ഡയരക്ടര്‍ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. കോര്‍പറേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍ രണ്ടാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ മൂന്നാം പ്രതിയുമാണ്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനായിരുന്നു പാലത്തിന്റെ നിര്‍മാണച്ചുമതല. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായിരുന്ന കിറ്റ്‌കോയ്ക്കായിരുന്നുരൂപരേഖ തയാറാക്കാനുള്ള ചുമതലയും .
ചുമതലകളില്‍ വന്ന വീഴ്ചയായിരുന്നു ഇവരുടെ കുറ്റം. വിജിലന്‍സിന്റെ തുടരന്വേഷണത്തില്‍ കൂടുതല്‍ അന്വേഷണത്തിനു വിധേയരാക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ 17 പേരുടെ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. പലതവണ ഇബ്‌റാഹീംകുഞ്ഞിനെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റുണ്ടായില്ല.
മുന്‍ മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു വിജിലന്‍സ് നല്‍കിയ സൂചനകള്‍. ഇതിനിടെ അറസ്റ്റിലായ നാലുപേരും കോടതിയില്‍ നിന്ന് ജാമ്യം നേടി.
വിജിലന്‍സ് കണ്ടെത്തല്‍ ഇങ്ങനെ
തിരുവനന്തപുരം: 2013ല്‍ വി.കെ ഇബ്‌റാഹീംകുഞ്ഞ് മന്ത്രിയായിരിക്കെ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണ കരാര്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ആര്‍.ഡി.എസ് പ്രൊജക്ട്‌സും കിറ്റ്‌കോയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ചട്ടവിരുദ്ധമായി ആര്‍.ഡി.എസ് പ്രൊജക്ട്‌സിനു നല്‍കിയെന്നാണ് വിജിലന്‍സിന്റെ പ്രധാന കണ്ടെത്തല്‍.
ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരവും കരാര്‍ വ്യവസ്ഥ പ്രകാരവും ഇല്ലാതിരുന്ന മുന്‍കൂര്‍ പണം ആര്‍.ഡി.എസ് കമ്പനി ഉടമ സുമിത് ഗോയല്‍ സ്വാധീനമുപയോഗിച്ച് ഇബ്‌റാഹീംകുഞ്ഞിന്റെ നിര്‍ദേശപ്രകാരം നല്‍കി. എട്ടര കോടി രൂപ ഏഴു ശതമാനം പലിശയ്ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് നഷ്ടം സംഭവിച്ചെന്നും വിജിലന്‍സ് കണ്ടെത്തി.13.5 ശതമാനം നിരക്കിലാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വായ്പ നല്‍കിവരുന്നത്. ഈ സമയത്താണ് ആര്‍.ഡി.എസിന് ഏഴു ശതമാനം നിരക്കില്‍ ചട്ടവിരുദ്ധമായി വായ്പ ലഭിച്ചത്. ഇങ്ങനെ 85 ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പാലത്തിന്റെ ഡിസൈനിലും നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരത്തിലും ക്രമക്കേട് കാണിച്ചതിന്റെ ഫലമായി പാലത്തിനു ഗുരുതരമായ കേടുപാട് സംഭവിച്ചതോടെ സര്‍ക്കാരിന് 13 കോടി രൂപയുടെ നഷ്ടമുണ്ടായതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
ചന്ദ്രിക ദിനപത്രത്തിന്റെ പബ്ലിഷിങ് കമ്പനിയായ മുസ്‌ലിം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇബ്‌റാഹീംകുഞ്ഞ് വഴി നാലരക്കോടി രൂപ എത്തിയത് കള്ളപ്പണമാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."