കണ്ണംകൈയിലെ മുനിയറ പുരാവസ്തു സംഘം സന്ദര്‍ശിച്ചു
ചെറുപുഴ: അരവഞ്ചാല്‍ കണ്ണംകൈയിലെ മുനിയറ സ്വകാര്യ വ്യക്തിയുടെ പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ വിഭാഗം സന്ദര്‍ശിച്ചു. തൃശൂര്‍ സര്‍ക്കിളിലെ അസി. ആര്‍ക്കിയോളജിസ്റ്റ് ബി. വിനുരാജ്, കണ്‍സര്‍വേഷന്‍ അസി. പി. ഋഷികേശ് എന്നിവരാണ് കണ്ണംകൈയിലെത്തിയത്.
പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മുനിയറകളില്‍ നിധിയുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് രാത്രികാലത്ത് അപരിചിതര്‍ ഇവിടെ വന്നുപോവുകയും പ്രദേശം കിളച്ചിളക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെ അരവഞ്ചാല്‍ ഭഗവതികാവ് കമ്മിറ്റി പ്രസിഡന്റ് പൂന്തോടന്‍ രമേശന്‍ പുരാവസ്തു വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. മുനിയറകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും സ്ഥല പരിശോധന നടത്തുകയും ചെയ്ത ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് റവന്യൂ, പഞ്ചായത്ത് അധികൃതര്‍ക്ക് സമര്‍പ്പിക്കും.
കണ്ണംകൈയിലെ മുനിയറകള്‍ മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതിന് സമാനമാണെന്നും രണ്ടായിരം വര്‍ഷമെങ്കിലും പഴക്കമുള്ള ഇവയില്‍ നിധിയോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നുമാണ് പുരാവസ്തു വകുപ്പിന്റെ നിലപാട്.
വിശദമായ പഠനം ആവശ്യമെങ്കില്‍ സ്ഥലമുടമയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ആവശ്യപ്പെടേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."