ഏരുവേശി കള്ളവോട്ട് കേസ്ച കള്ളവോട്ട് ചെയ്ത 25 പേരെയും പ്രതി ചേര്‍ക്കണമെന്നു കോടതി
സ്വന്തം ലേഖകന്‍
തളിപ്പറമ്പ് (കണ്ണൂര്‍): ഏരുവേശി കള്ളവോട്ട് കേസില്‍ നിന്ന് ഒഴിവാക്കിയ കള്ളവോട്ട് ചെയ്ത 25 പേരെയും പ്രതിചേര്‍ക്കണമെന്ന പരാതിക്കാരന്‍ ജോസഫ് കൊട്ടുകാപ്പള്ളിയുടെ ഹരജി കോടതി അംഗീകരിച്ചു. കള്ളവോട്ട് ചെയ്ത 25 പേര്‍ക്കെതിരേ കൂടുതല്‍ അന്വേഷണം നടത്താനും ഇവര്‍ കള്ളവോട്ട് ചെയ്ത യഥാര്‍ഥ വോട്ടര്‍മാരെ സാക്ഷികളായി ഉള്‍പ്പെടുത്താനും തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി കുടിയാന്‍മല പൊലിസിനു നിര്‍ദേശം നല്‍കി. തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ നാലു പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലെ ഏരുവേശ്ശിയില്‍ ഒരു ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന കേസിലാണു തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോടതിയുടെ നിര്‍ണായക വിധി.
തെരഞ്ഞെടുപ്പില്‍ ഏരുവേശ്ശി കെ.കെ.എന്‍.എം എ.യു.പി സ്‌കൂളിലെ 109ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. 154 പേരുടെ കള്ളവോട്ട് ഈ ബൂത്തില്‍ ചെയ്തുവെന്നാണു പരാതിക്കാരന്‍ ഉന്നയിച്ചത്. കോണ്‍ഗ്രസ് ഏരുവേശ്ശി മണ്ഡലം മുന്‍ പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി കുടിയാന്‍മല പൊലിസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നില്ല. തുടര്‍ന്ന് തളിപ്പറമ്പ് കോടതിയില്‍ ഹരജി നല്‍കി. കള്ളവോട്ട് ചെയ്തതിനു തെളിവില്ലെന്ന് പൊലിസ് കോടതിക്കു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ഇതോടെ എസ്.ഐയെ അടക്കം പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ 2016 ഫെബ്രുവരിയില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസ് കെമാല്‍പാഷ ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലിസ് മേധാവിക്കും നിര്‍ദേശം നല്‍കി.
രേഖകള്‍ പ്രകാരം സൈന്യത്തില്‍ ജോലിചെയ്യുന്ന നാലുപേരുടെയും ഗള്‍ഫില്‍ ജോലി ചെയ്യുന്ന 37 പേരുടെയും മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന 17 പേരുടെയും ഉള്‍പ്പെടെ 58 കള്ളവോട്ടുകള്‍ ചെയ്തതായി കണ്ടെത്തി.
തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് കേസെടുത്തത്. ഏരുവേശ്ശിയിലെ 109ാം ബൂത്തിലെ ബി.എല്‍.ഒ മുയിപ്രയിലെ കെ.വി അശോക് കുമാര്‍, പെരളശ്ശേരി മക്രേരിയിലെ വി.കെ സജീവന്‍, പാനുണ്ട എരുവാട്ടിയിലെ കെ.വി സന്തോഷ് കുമാര്‍, ധര്‍മടം സ്വദേശി എ.സി സുധീപ്, പിണറായിലെ വാരിയമ്പത്ത് ഷജനീഷ് എന്നിവര്‍ക്കെതിരേയാണു കേസെടുത്തിരുന്നത്.
ഈ കേസില്‍ 2017 ജൂണ്‍ 28നു കുടിയാന്‍മല പൊലിസ് തളിപ്പറമ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അശോക് കുമാര്‍ ഒഴികെയുള്ള നാലു പ്രതികളാണ് കേസില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു കള്ളവോട്ട് കേസ് നടക്കുന്നതെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."