ഖജനാവ് മുടിച്ചും മുഖച്ഛായ മാറ്റും
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം എങ്ങുമെത്താതെ നില്‍ക്കുമ്പോഴും കോടികള്‍ മുടക്കി മങ്ങിയ മുഖച്ഛായ മാറ്റാനൊരുങ്ങി മുഖ്യമന്ത്രിയുടെ പ്രത്യേക ടീം. ഫേസ്ബുക്കും, ട്വിറ്ററും അടക്കമുള്ള നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ കൂടുതല്‍ സജീവമാക്കാന്‍ പ്രത്യേക ടീമിനെ ഒരുക്കിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. സിഡിറ്റിനാണ് പ്രചാരണ ചുമതല. ഇതിനായി 1 കോടി 10 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. 12 അംഗ ടീമിനെയാണ് സിഡിറ്റ് നവമാധ്യമ പ്രചാരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഒരു വര്‍ഷത്തെ ശമ്പളത്തിനു മാത്രമായി 80 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
രാഷ്ട്രീയ വിവാദങ്ങള്‍ക്കടക്കം സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കാനുള്ള പുതിയ പദ്ധതിക്കാണ് സിഡിറ്റ് വഴി ഒരുക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍, മറ്റു പൊതുപരിപാടികള്‍ എന്നിവയെല്ലാം ഇനി മുതല്‍ ഇന്റര്‍നെറ്റ് വഴി ലൈവ് സ്ട്രീമിങ് നടത്തും. ഇതിനായി 5.5 ലക്ഷം രൂപ അധികമായും അനുവദിച്ചിട്ടുണ്ട്.
മാധ്യമ മേഖല കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ദൃശ്യ മാധ്യമ ഉപദേഷ്ടാവും, പ്രിന്റ് മീഡിയ ഉപദേഷ്ടാവും, പ്രസ് സെക്രട്ടറിയും ഉള്‍പ്പെടെ വിപുലമായ ടീം ഉള്ളതിന് പുറമെയാണ് നവമാധ്യമ ഇടപെടലിന് മാത്രമായി ഇത്ര വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നത്. ഇതു കൂടാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ ഉള്‍പ്പെടെ എല്ലാ പരിപാടികളും പി.ആര്‍.ഡി വഴിയും പ്രചാരണം നടത്താനും തീരുമാനമുണ്ട്. പി.ആര്‍.ഡിയെ ഇതിനായി കോ ഓഡിനേറ്റ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രസ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രിമാരുടെ കാലത്ത് പരമാവധി പി.ആര്‍.ഡിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍വഹിച്ചിരുന്ന ജോലികളാണ് ഇപ്പോള്‍ മറ്റു ഏജന്‍സികളിലെത്തുന്നത്. മാത്രമല്ല പിണറായി വിജയന്‍ അധികാരത്തില്‍ വന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും ഉപദേഷ്ടാക്കള്‍ ഉള്‍പ്പെടെ വന്‍ സന്നാഹത്തെയാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചത്.
കൂടാതെ സി.പി.എം മന്ത്രിമാര്‍ക്കും ഒന്നിലധികം പ്രസ് സെക്രട്ടറിമാരെയും നിയമിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം കൊണ്ട് ഖജനാവ് മുടിച്ചാലും സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളിലെത്തിച്ച് വോട്ടാക്കി മാറ്റാമെന്നാണ് കണക്ക് കൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."