നിര്‍മാണ പ്രവൃത്തികള്‍ പുരോഗതിയില്‍ അടിപ്പാത നവംബര്‍ ഒന്നിനു മുമ്പ് തുറക്കും
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി ഡിസംബര്‍ 25നകം പൂര്‍ത്തിയാക്കാന്‍ തീരുമാനം. പി.കെ ശ്രീമതി എം.പി, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിങ് ഷാമി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം.
പണമടച്ച് ഉപയോഗിക്കാവുന്ന ശീതീകരിച്ച കാത്തിരിപ്പ് മുറി, വി.ഐ.പി ലോഞ്ച് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളാണു പുതുവത്സര സമ്മാനമായി തുറന്നുകൊടുക്കുക. ഇഴഞ്ഞുനീങ്ങുന്ന അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിനു മുമ്പ് തുറന്നുകൊടുക്കും. മേല്‍ക്കൂര സ്ഥാപിക്കല്‍ നീണ്ടുപോയതാണു പ്രവൃത്തി വൈകാന്‍ കാരണം. റെയില്‍വേ ജീവനക്കാര്‍ക്കായി 24 ക്വാര്‍ട്ടേഴ്‌സുകള്‍ ഇതിനകം പൂര്‍ത്തിയായി. ബാക്കിയുള്ള 24 എണ്ണത്തിന്റെ പ്രവൃത്തി മൂന്നാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. വിവിധ വകുപ്പുകള്‍ക്കു തുല്യമായ പരിഗണന നല്‍കി ക്വാര്‍ട്ടേഴ്‌സ് ക്രിസ്മസിനു മുമ്പ് ജീവനക്കാര്‍ക്കു കൈമാറും. പ്രവൃത്തി പൂര്‍ത്തിയായ 4500 ചതുരശ്രയടി വിസ്തൃതിയുള്ള പാര്‍ക്കിങ് ഏരിയ സൗന്ദര്യവത്കരിക്കും.
ആറുകോടി രൂപാ ചെലവില്‍ നാലാം പ്ലാറ്റ്‌ഫോം പ്രവൃത്തിക്കായി ടെന്‍ഡര്‍ നല്‍കി. റെയില്‍വേ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് നാലാം പ്ലാറ്റ്‌ഫോം ഒരുക്കുന്ന പാളത്തിനടിയിലൂടെ കടന്നുപോകുന്ന ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഇന്ധന പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള സാങ്കേതിക തടസം ഒരുമാസത്തിനകം നീക്കും. ഇതിനു തടസമുണ്ടെങ്കില്‍ കേന്ദ്ര പെട്രോളിയം മന്ത്രിയെ കാണുമെന്നും പി.കെ ശ്രീമതി അറിയിച്ചു. രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലെത്തുന്ന യാത്രക്കാര്‍ക്കായി ഒരുക്കുന്ന ടോയ്‌ലറ്റ് പ്രവൃത്തി തുടങ്ങി. ഉടന്‍ പൂര്‍ത്തിക്കും. റെയില്‍വേ സ്റ്റേഷനില്‍ പണമടച്ച് ഉപയോഗിക്കാവുന്ന ടോയ്‌ലറ്റ് സ്ഥാപിക്കും. നിലവിലുള്ളതിനു പുറമെ രണ്ടു എസ്‌കലേറ്ററും രണ്ടു ലിഫ്റ്റും സ്ഥാപിക്കും. ഉപയോഗ ശൂന്യമായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി റെയില്‍വേ വികസനത്തിനു സ്ഥലം കണ്ടെത്തണമെന്ന എം.പിയുടെ ആവശ്യത്തെ തുടര്‍ന്നു നടപടി സ്വീകരിക്കാന്‍ ഡി.ആര്‍.എം ഡിവിഷണല്‍ എന്‍ജിനിയര്‍ക്കു നിര്‍ദേശം നല്‍കി.
ഡിവിഷണല്‍ എന്‍ജിനിയര്‍ മുഹമ്മദ് ഇസ്‌ലാം, സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ എസ്. ജയകൃഷ്ണന്‍, സീനിയര്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ (സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്) വി. രാമചന്ദ്രന്‍, ഡിവിഷണല്‍ മാനേജര്‍ (എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹൗസ് കീപ്പിങ്) എ. സുരേഷ്, ഡിവിഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എം.കെ ഗോപിനാഥ്, സ്റ്റേഷന്‍ മാനേജര്‍ ഇന്‍ചാര്‍ജ് പി.കെ അജിത്, ഡെ പ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ എം. കൃഷ്ണന്‍, ബി.പി.സി.എല്‍ കണ്ണൂര്‍ ഡിപ്പോ മാനേജര്‍ എന്‍.ആര്‍ ഷേണായ്, അസിസ്റ്റന്റ് സേഫ്റ്റി മാനേജര്‍ പി.വി സജിത് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നിര്‍മാണ പ്രവൃത്തി ഡി.ആര്‍.എം പ്രതാപ് സിങ് ഷാമിയും ഉദ്യോഗസ്ഥരും നേരില്‍ക്കണ്ട് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."