രാഷ്ട്രീയമായും നിയമപരമായും നേരിടും: മുസ്ലിം ലീഗ്
മലപ്പുറം: മുന്‍മന്ത്രി വി.കെ ഇബ്റാഹീംകുഞ്ഞിന്റെ അറസ്റ്റ് തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലിംലീഗ്. അറസ്റ്റ് ചെയ്യാന്‍ വഴിയില്ലെന്നു പലവട്ടം തെളിഞ്ഞ ഒരു കേസില്‍ അനവസരത്തില്‍ നടത്തിയ നടപടിയാണിത്. സര്‍ക്കാരിനെതിരായ അഴിമതി കേസുകള്‍ മറച്ചുപിടിക്കാനുള്ള നീക്കമാണിതിനു പിന്നില്‍. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെതിരായ കുരുക്കു മുറക്കുന്ന ഘട്ടത്തില്‍ അതേ രീതിയില്‍ സംസ്ഥാന ഏജന്‍സിയെ ദുരുപയോഗം ചെയ്യുകയാണ്. തികച്ചും നാണംകെട്ട ഈ നടപടി നഗ്നമായ അധികാര ദുര്‍വിനിയോഗമാണെന്ന് മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് അടിയന്തിരയോഗത്തിനു ശേഷം നേതാക്കള്‍ വ്യക്തമാക്കി.
പൊതുമരാമത്ത് മന്ത്രി എന്ന നിലയില്‍ വി.കെ ഇബ്റാഹീംകുഞ്ഞ് പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദിയല്ല. നിര്‍മാണത്തില്‍ സാങ്കേതിക തകരാറുണ്ടായെങ്കില് അതിനു കാരണക്കാരായവരെയാണ് നിയമത്തിനു മുന്പില് കൊണ്ടുവരേണ്ടത്. ഈ അറസ്റ്റിനായി ഇടതുപക്ഷം രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ തിരുവനന്തപുരത്ത് യോഗങ്ങള്‍ ചേര്‍ന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇത്തരം അന്യായമായ നീക്കത്തെ മുസ്ലിംലീഗ് രാഷ്ട്രീയമായും നിയമപരമായും നേരിടും. സ്വര്‍ണക്കടത്ത്, മയക്കുമരുന്നു കേസ് ഉള്‍പ്പടെ ഇടതു സര്‍ക്കാറിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പിടിച്ചു നില്ക്കാനാവാതെ വന്നപ്പോള്‍ കേസുകള്‍ ബാലന്‍സ് ചെയ്യാനാണ് മുസ്ലിംലീഗ് എം.എല്‍.എമാരെ വ്യാജ കുറ്റങ്ങളില്പ്പെടുത്തി അറസ്റ്റു ചെയ്യുന്നത്. ജനശ്രദ്ധ തിരിച്ചു വിടാനുള്ള നീക്കമാണിതെന്നും എല്ലാ കാലത്തും ഒരേ സര്‍ക്കാര്‍ അധികാരത്തില്‍ തുടരില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."