ബോണസ് വിതരണത്തിലെ ക്രമക്കേട്: നഗരസഭ ഭരണസമിതി രാജിവയ്ക്കണമെന്ന്
മാനന്തവാടി: പാല്‍ ഉല്‍പാദക ബോണസ് വിതരണത്തില്‍ ക്രമക്കേട് നടത്തിയ മാനന്തവാടി നഗരസഭ ഭരണസമിതി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഗരസഭ 2016-17 വര്‍ഷത്തെ പദ്ധതിയില്‍ 3 പ്രൊജക്ടുകളിലായി 15 ലക്ഷത്തോളം രൂപ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഉല്‍പാദക ബോണസായി കൊടുക്കുന്നതിന് വകയിരുത്തിയിരുന്നു. ഇതിനായി ഗ്രാമസഭകളില്‍ അപേക്ഷ സ്വീകരിക്കുകയും 36 ഡിവിഷനുകളിലും ഗുണഭോക്താക്കളുടെ ലിസ്റ്റ് ഗ്രാമസഭ അംഗീകരിച്ച് നല്‍കുകയും ബോര്‍ഡ് മീറ്റിങ്ങില്‍ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ബോണസ് വിതരണം ചെയ്യുന്നതിനായി മാനന്തവാടി ക്ഷീരവികസന ഓഫിസര്‍ക്ക് 15 ലക്ഷത്തോളം രൂപ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഓഫിസര്‍ തുക സി.പി.എം ഭരിക്കുന്ന മാനന്തവാടി പാല്‍സൊസൈറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. ഗ്രാമസഭ തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് അട്ടിമറിച്ച് ഈ സൊസൈറ്റിയില്‍ പാല്‍ അളക്കുന്ന തിരുനെല്ലി, തവിഞ്ഞാല്‍, എടവക പഞ്ചായത്തുകളിലെ ആളുകള്‍ക്ക് ബോണസ് അടക്കം വിതരണം ചെയ്തു. നഗരസഭ പരിധിയിലുള്ള ക്ഷീര കര്‍ഷകരുടെ തയാറാക്കിയ ലിസ്റ്റ് പ്രകാരം ഒരു ലിറ്റര്‍ പാലിന് 3 രൂപയില്‍ മുകളില്‍ ബോണസായി ലഭിക്കേണ്ടതായിരുന്നു. ഇപ്പോള്‍ ബോണസായി ലഭിച്ചിരിക്കുന്നത് 1 രൂപ 63 പൈസ മാത്രമാണ്.
ക്ഷീരകര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കേണ്ട തുക നല്‍കാതെ ക്ഷീരവികസന ഓഫിസര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചത് ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണെന്നും ക്ഷീരകര്‍ഷകരെ വഞ്ചിച്ച ഉത്തരവാദിത്വം എറ്റെടുത്ത് നഗരസഭ ഭരണസമിതി രാജിവയ്ക്കണമെന്നും വപ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റെര്‍വിന്‍ സ്റ്റാനി, സക്കീന ഹംസ, മഞ്ജുള അശോകന്‍, സ്വപ്ന ബിജു, ശ്രീലത കേശവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."