സാമൂഹ്യ വനവല്‍ക്കരണ വിഭാഗം: തൈവില ഒഴിവാക്കി, സൗജന്യ വിതരണം തുടരും
മാനന്തവാടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് വിതരണം ചെയ്യുന്ന തൈകള്‍ക്ക് ഉയര്‍ന്ന വില ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു. മുന്‍ വര്‍ഷം വരെ സൗജന്യ നിരക്കില്‍ സന്നദ്ധ സംഘടനകള്‍ക്കുള്‍പ്പെടെ നല്‍കി വന്നിരുന്ന തൈകള്‍ക്ക് ഈ വര്‍ഷം 17 രൂപ ഈടാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ സൗജന്യമായി തൈകള്‍ നല്‍കിയാലെ പദ്ധതി വിജയിക്കുകയുള്ളുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് വില വര്‍ധനവ് പിന്‍വലിച്ച് തൈകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വനം വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഉല്‍പാദിപ്പിച്ച് കഴിഞ്ഞ വര്‍ഷം വരെ സൗജന്യ നിരക്കില്‍ വിതരണം ചെയ്തിരുന്ന വൃക്ഷത്തൈകളുടെ വിലയില്‍ ഈ വര്‍ഷം വന്‍ വര്‍ധനവ് വരുത്തിക്കൊണ്ട് ഏപ്രില്‍ 22നാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മുന്‍ വര്‍ഷങ്ങളില്‍ ഒരു തേക്കിന്റെ കമ്പിന് മൂന്ന് രൂപയായിരുന്നു ഈടാക്കിയത്. ഇത് ഏഴു രൂപയായാണ് ഈ വര്‍ഷം വര്‍ധിപ്പിച്ചത്.
ചെറിയ കവറുകളില്‍ ഉല്‍പാദിപ്പിക്കുന്ന തൈകള്‍ വ്യക്തികള്‍ക്ക് ആറു രൂപക്കും സ്ഥാപനങ്ങള്‍ക്ക് അന്‍പത് പൈസക്കും നല്‍കി വന്നിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 17 രൂപയായി വര്‍ധിപ്പിച്ചിരുന്നു. വിദ്യാലയങ്ങളില്‍ മാത്രം സൗജന്യം നിലനിര്‍ത്തിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. തൈകളുടെ ഉല്‍പാദനച്ചെലവിനനുസരിച്ച് തൈവിലയില്‍ മാറ്റം വരുത്തണമെന്ന സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റരുടെ ആവശ്യപ്രകാരമായിരുന്നു സര്‍ക്കാര്‍ വില ഉയര്‍ത്തിയത്. എന്നാല്‍ സ്വകാര്യ നഴ്‌സറികളിലുള്ളതിനേക്കാള്‍ തൈകള്‍ക്ക് വിലവര്‍ധിച്ചത് പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നടത്തുന്ന വനവല്‍ക്കരണ പദ്ധതി വിജയിക്കുന്നതിന് തടസമാവുമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തൈകള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ സൗജന്യ നിരക്കില്‍ വിതരണം ചെയ്യാന്‍ വ്യാഴാഴ്ച സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍ സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, മത സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, തുടങ്ങിയവക്കാണ് സൗജന്യ നിരക്കില്‍ തൈകള്‍ വിതരണം ചെയ്യുക. തേക്കിന് പുറമെ മാവ്, പ്ലാവ്, മഹാഗണി ,ഓറഞ്ച്, ഇരുമ്പന്‍ പുളി, ആര്യവേപ്പ്, മാംഗോസ്റ്റിന്‍, പേരക്ക, നെല്ലി, മന്ദാരം, പൂവരശ്ശ് , കണിക്കൊന്ന, ആത്ത ചക്ക തുടങ്ങിയ തൈകളാണ് പരിസ്ഥിതി ദിനത്തില്‍ നട്ടു പിടിപ്പിക്കാന്‍ നല്‍കുന്നത്. ഈ വര്‍ഷം പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി ജില്ലയില്‍ രണ്ടര ലക്ഷത്തോളം തൈകളാണ് നട്ടു പിടിപ്പിക്കാനായി വനം വകുപ്പ് തയാറാക്കിയത്. ബേഗൂര്‍, ചുഴലി, കുന്താണി എന്നിവിടങ്ങളിലെ നഴ്‌സറികളിലാണ് തൈകള്‍ ഉല്‍പാദിപ്പിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ വിദ്യാലയങ്ങള്‍ വഴി നട്ടുപിടിപ്പിക്കാനായി നല്‍കിയിരുന്ന തൈകള്‍ അതാത് വിദ്യാലയങ്ങളില്‍ വനം വകുപ്പ് വാഹനങ്ങളില്‍ നേരിട്ടെത്തിക്കുകയായിരുന്നു.
ഈ വര്‍ഷം മുതല്‍ സ്‌കൂളുകള്‍ക്കാവശ്യമായ തൈകള്‍ നഴ്‌സറികളില്‍ നേരിട്ടെത്തി ശേഖരിക്കാനാണ് നിര്‍ദേശം. ഈ തീരുമാനം വനവല്‍ക്കരണത്തിന് തിരിച്ചടിയാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."