ഹരിയാനയില്‍ കോണ്‍ഗ്രസ് വക്താവ് വെടിയേറ്റ് മരിച്ചു
ഫരീദാബാദ്: ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരിയെ വെടിവച്ച് കൊലപ്പെടുത്തി. അജ്ഞാതരായ രണ്ടുപേരാണ് ഇദ്ദേഹത്തെ ഫരീദാബാദില്‍ കൊലപ്പെടുത്തിയത്. 38കാരനായ വികാസ് സെക്ടര്‍-9ലെ ജിമ്മിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് കാറില്‍ പുറത്തേക്ക് വരുമ്പോഴായിരുന്നു അജ്ഞാതര്‍ വെടിവച്ചത്. വിന്‍ഡ്സ്ക്രീന്‍ വഴി 10 തവണയാണ് ഇയാളെ വെടിവച്ചത്.
പട്ടാപ്പകല്‍ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി കാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ഒന്പതോടുകൂടിയായിരുന്നു സംഭവം. രണ്ടുപേര്‍ കാറിനടുത്തേക്ക് പതുക്കെ നടന്നുവരികയും തുടര്‍ന്ന് വെടിവയ്ക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഇതിലൊരാള്‍ കാറിലേക്ക് നോക്കുന്നതും വിഡിയോ ദൃശ്യത്തിലുണ്ട്.
നിരവധിപേര്‍ റോഡിലുള്ളപ്പോഴായിരുന്നു അക്രമം. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ നാലുപേര്‍ക്ക് പങ്കുള്ളതായി പൊലിസ് അറിയിച്ചു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം വികാസ് ചൗധരിയുടെ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ ഹരിയാനയിലെ ക്രമസമാധാന രംഗം പൂര്‍ണമായും പരാജയപ്പെട്ടതായി കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി, സംസ്ഥാനത്ത് അക്രമികള്‍ വാഴുകയാണെന്നതിന്റെ തെളിവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."