നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത ; പരസ്പരം കുറ്റപ്പെടുത്തി പാര്‍ട്ടികള്‍
കല്‍പ്പറ്റ: വയനാടിന്റെ വികസനത്തിന് അനിവാര്യമായ വയനാട് റെയില്‍ പാത രാഷ്ട്രീയ കുറ്റപ്പെടുത്തലുകളിലൊതുങ്ങുന്നു. യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് പറയുമ്പോഴും ഇടതു-വലതു-എന്‍.ഡി.എ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പദ്ധതിയെ സമീപിക്കുന്നത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വയനാടിനോട് തുടരുന്ന അവഗണന നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ കാര്യത്തിലും തുടരുകയാണ്.
കൂടാതെ വയനാട് മെഡിക്കല്‍ കോളജ്, ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ എന്നീ വിഷയങ്ങിലും ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷമാകുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് വയനാട്ടുകാരുടെ ചിരകാല സ്വപ്നമായ പദ്ധതികളെ ഇല്ലാതാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത ലാഭകരമെന്ന ഡി.എം.ആര്‍.സി റിപ്പോര്‍ട്ട് നിലനില്‍ക്കെ ഇതുമായി ബന്ധപ്പെട്ട അടിയന്തര തുടര്‍ നടപടികളില്ലാതെ വിവിധ കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ നടപടി വൈകിപ്പിക്കുകയാണ്. കര്‍ണാടക സര്‍ക്കാരും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ചില സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക അധികൃതരുമായോ, കേന്ദ്രവുമായോ സംസാരിച്ച് അനുകൂല തീരുമാനമുണ്ടാക്കാന്‍ ഇടതു-വലതു സര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവില്‍ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ പിതൃത്വത്തിനായുള്ള വടം വലിയിലാണ് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍. വയനാട് റെയില്‍വേ രാഷ്ട്രീയ മുതലെടുപ്പിന് വിഷയമായതോടെ വയനാട്ടുകാരുടെ പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്.
'കര്‍ണാടക മുഖ്യമന്ത്രിയുമായി
ചര്‍ച്ച നടത്തും'
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത സംബന്ധിച്ച വിഷയത്തില്‍ കര്‍ണാട മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി 26ന് ബംഗളൂരുവില്‍ ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.ഐ ഷാനവാസ് എം.പി, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. യു.ഡി.എഫ് സര്‍ക്കാര്‍ റെയില്‍പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് കോടി രൂപ നീക്കിവെച്ചിരുന്നു. റെയില്‍പാതക്കായി കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.എല്‍ പൗലോസ്, കെ.കെ അബ്രഹാം, എന്‍.ഡി അപ്പച്ചന്‍, എം.എസ് വിശ്വനാഥന്‍, പി.വി ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
'കത്തെഴുത്തല്ല, വേണ്ടത് ചര്‍ച്ച'
കല്‍പ്പറ്റ: വയനാട്ടുകാരുടെ പ്രതീക്ഷയായ നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റയില്‍വേ ലൈന്‍ പദ്ധതിയുടെ ഭാവി ഇരുളടഞ്ഞതായെന്ന് എം.ഐ ഷാനവാസ് എം.പി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കര്‍ണാടക, കേരള മുഖ്യമന്ത്രിമാരും രണ്ടു സംസ്ഥാനങ്ങളിലും റെയില്‍പാത കടന്നു പോകുന്ന വഴിക്കുള്ള ജനപ്രതിനിധികളും ഇ. ശ്രീധരനും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്താല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നിരിക്കെ ഇതിനു തയാറാകാതെ കര്‍ണാടക സര്‍ക്കാരിന് കത്തയക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് വയനാട്ടുകാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കത്തെഴുത്തിന് പകരം ഇരു സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചയാണ് വേണ്ടെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'യു.ഡി.എഫ്, ബി.ജെ.പി നിലപാട്;
യോജിച്ച പരിശ്രമങ്ങളെ ഇല്ലാതാക്കും'
കല്‍പ്പറ്റ: നിലമ്പൂര്‍-വയനാട്-നഞ്ചന്‍ഗോഡ് പാതക്ക് വേണ്ടത് യോജിച്ച പരിശ്രമമാണെന്നും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നിലപാട് യോജിച്ചുള്ള പരിശ്രമങ്ങളെ ഇല്ലാതാക്കാനേ ഉപകരിക്കൂവെന്നും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ എം.എല്‍.എമാരും എം.പിയും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരള-കര്‍ണാടക ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. സര്‍വേ നടത്താന്‍ അനുമതി ചോദിച്ചുകൊണ്ടുള്ള കത്ത് കര്‍ണാടകയ്ക്ക് കൈമാറാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയും തലശേരി-മൈസൂര്‍ പാതയും വയനാടിന് ആവശ്യമാണ്. അതിനായി ഒറ്റക്കെട്ടായി നീങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."