'വേളത്ത് പൊലിസ് ഭീകരാവസ്ഥ അവസാനിപ്പിക്കണം'
ചേരാപുരം: വേളം പഞ്ചായത്തിലെ പൂമുഖത്ത് എസ്.ഡി.പി.ഐ ജാഥയോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ പഞ്ചായത്തിലെ നിരപരാധികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പീഡിപ്പിക്കുകയും രാത്രി വീടുകളില്‍ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന പൊലിസ് നടപടി അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം നടന്ന ദിവസം മുതല്‍ നിരപരാധികളെ പിടിച്ചുകൊണ്ടുപോയി പൊലിസ് പ്രതിയാക്കുന്ന നടപടി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ അര്‍ദ്ധരാത്രി ചെന്ന് ഭീഷണിപ്പെടുത്തുന്ന പൊലിസ് രോഗികളായ ഗൃഹനാഥന്മാരെ ശല്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
സി.പി.എം നേതാക്കള്‍ കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭ നടപടികളുമായി പാര്‍ട്ടിക്ക് മുന്നോട്ട് വരേണ്ടിവരും.
കുറ്റവാളികളെ പിടികൂടുന്നതില്‍ മുസ്ലിം ലീഗ് എതിരല്ല. എല്ലാവര്ക്കും നീതി ലഭ്യമാക്കേണ്ട പൊലിസ് പക്ഷപാതപരമായി പെരുമാറുന്നത് സമൂഹത്തില്‍ അരാജകത്വം ഉണ്ടാകും. അതിനാല്‍ പ്രദേശത്ത് അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടിയില്‍ നിന്നും പൊലിസ് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."