മെഡിക്കല്‍ കോളജിന് അംഗീകാരം: ആരോഗ്യവകുപ്പിനെതിരേ എസ്.എഫ്.ഐ സമരം
മഞ്ചേരി: മെഡിക്കല്‍ കോളജിന് അംഗീകാരം ഉറപ്പാക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിനെതിരേ എസ്.എഫ്.ഐ സമരരംഗത്ത്. അംഗീകാരത്തിനായുള്ള നടപടികള്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ മെഡിക്കല്‍ കോളജ് ഒ.പിക്ക് മുന്നില്‍ ധര്‍ണ നടത്തി. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്തതിനാല്‍ മെഡിക്കല്‍ കോളജിനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ഇനിയും ലഭ്യമായിട്ടില്ല.
ഇതിനെതിരേ എസ്.എഫ്.ഐയുടെ കോളജ് യൂണിറ്റ് കമ്മിറ്റി തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി. ജൂലൈയില്‍ നടന്ന എം.സി.ഐയുടെ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് എസ്.എഫ്.ഐ സര്‍ക്കാറിനെതിരെ സമരപരിപാടികള്‍ സംഘടിപ്പിച്ചത്. തൊട്ടുമുന്‍പ് നടന്ന പരിശോധനയിലും സ്ഥിരാംഗീകാരം തടസപ്പെട്ടിരുന്നു. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് അംഗീകാരം ലഭിക്കുന്നതിന് തടസമായത്. വിദ്യാര്‍ഥികള്‍ക്കും ഹൗസ് സര്‍ജന്‍മാര്‍ക്കും താമസിക്കാന്‍ സ്ഥിരം ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുക, ഡോക്ടര്‍മാര്‍ക്കും റസിഡന്റ് ഡോക്ടര്‍മാര്‍ക്കും താമസ സൗകര്യം ഒരുക്കുക, 16 ശതമാനം റസിഡെന്റ് ഡോക്ടര്‍മാരുടെ കുറവു നികത്തുക, ഒ.പി വിഭാഗത്തിലെ പരിമിതികള്‍ പരിഹരിക്കുക, വാര്‍ഡില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ സര്‍ക്കാറിനു മുന്നില്‍ വെക്കുന്നത്.
നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്.എഫ്.ഐ മുന്നറിയിപ്പു നല്‍കി. ജില്ലാ സെക്രട്ടറി കെ.എ സക്കീര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ അഹിജിത്ത് വിജയന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."