മഞ്ചേരി ജസീല ജങ്ഷന്‍ റോഡ് വികസനം: സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചു സ്ഥലം അടയാളപ്പെടുത്തല്‍ ഇന്നും തുടരും
മഞ്ചേരി: നെല്ലിപ്പറമ്പ് മുതല്‍ ജസീല ജങ്ഷന്‍ വരെ റോഡ് വീതികൂട്ടാന്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി. അഡ്വ.എം.ഉമ്മര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്ഥലം വിട്ടുനല്‍കാന്‍ ഭൂവുടമകള്‍ തയാറായിരുന്നു. ഇതോടെയാണ് സ്ഥലം ഏറ്റെടുപ്പ് പ്രവൃത്തി വേഗത്തിലായത്.
മരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നെല്ലിപ്പറമ്പ് മുതല്‍ മാനു ആശുപത്രി പരിസരം വരെയുള്ള സ്ഥലം അടയാളപ്പെടുത്തി. നെല്ലിപ്പറമ്പ് മുതല്‍ ജസീല ജങ്ഷന്‍ വരെയുള്ള നാല്‍പതില്‍പരം ഭൂവുടമകള്‍ സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. മറ്റുള്ളവരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. സ്ഥലം ലഭ്യമാക്കുന്നതിനാവശ്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രണ്ട് മാസം മുന്‍പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഭൂവുടമകളുടെയും കെട്ടിട ഉടകളുടെയും അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ഭൂവുടമകളുമായി വീണ്ടും ചര്‍ച്ച നടത്തിയത്. സ്ഥലമുടമകളുമായി നേരിട്ടു ചര്‍ച്ച നടത്തി സമ്മതപത്രം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. റോഡിനു ചുരുങ്ങിയത് 14 മീറ്റര്‍ വീതിവേണം. നിശ്ചിത വീതിയില്ലാത്ത കേന്ദ്രങ്ങളിലാണ് ഇരുവശങ്ങളിലും ചുരുങ്ങിയത് ഓരോ മീറ്റര്‍ വീതം സ്ഥലം ലഭിക്കേണ്ടത്. ചില കേന്ദ്രങ്ങളില്‍ പുറമ്പോക്ക് സ്ഥലമുണ്ട്. സ്ഥലം അടയാളപ്പെടുത്തല്‍ ഇന്നും തുടരും. സ്ഥലം കൈമാറിയാല്‍ ഉടന്‍ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."