സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നിയമസഭയുടെ അവകാശലംഘനമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നിയമസഭയുടെ അവകാശലംഘനമാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. തുടങ്ങിവെച്ചിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കണമെന്ന് പറയുന്നത് അസാധാരണമായ നടപടിയാണ്. സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നിയമപരിശോധന നടത്തും. റിപ്പോര്‍ട്ടിന്റെ നാല് പേജുകളില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടില്ല. കരടില്‍ ഇല്ലാത്ത കാര്യം ഏകപക്ഷീയമായി എഴുതിവെക്കാനുള്ള അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.
മസാലബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കരട് തയ്യാറാക്കുംമുന്‍പ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന ഓഫീസായി സിഎജി മാറിയെന്നും മന്ത്രി പറഞ്ഞു.
അവകാശ ലംഘനം നടത്തിയത് സിഎജിയാണ്. റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുന്‍പ് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരിശോധിക്കാം. സര്‍ക്കാരിന് അത് വെളിപ്പെടുത്താനാവില്ലെന്ന് എവിടെയും വ്യവസ്ഥയില്ല. അത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.
അവകാശ ലംഘനം സംബന്ധിച്ച പരാതിയില്‍ സ്പീക്കര്‍ കത്ത് നല്‍കിയിട്ടുണ്ട്. എത്രയും വേഗം അതിനുള്ള മറുപടി കൊടുക്കും. സിഎജി റിപ്പോര്‍ട്ടിന്റെ ക്രമവിരുദ്ധത ചൂണ്ടിക്കാണിക്കും. സംസ്ഥാനത്തിന്റെ, ജനങ്ങളുടെ അവകാശങ്ങളെ എങ്ങനെയാണ് ഈ റിപ്പോര്‍ട്ട് ബാധിക്കുക എന്നത് വിശദമായി മറുപടി നല്‍കും.
സര്‍ക്കാരിന്റെ സംവിധാനങ്ങളെക്കുറിച്ച് ഒരു നിര്‍ദേശവുമായി ഇറങ്ങുംമുന്‍പ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തില്ല എന്നത് ഭരണഘടനാവിരുദ്ധമാണ്. ഒരു ഭരണഘടനാ സ്ഥാപനത്തിന് ചേരുന്ന നടപടിയല്ല ഇത്. സര്‍ക്കാരിന്റെ മറുപടി കേട്ടിട്ട് തള്ളണമെങ്കില്‍ അങ്ങനെ റിപ്പോര്‍ട്ടില്‍ എഴുതാം. പക്ഷേ സര്‍ക്കാരിന്റെ അഭിപ്രായം തേടിയില്ല എന്നതാണ് പ്രശ്‌നം.
മാധ്യമങ്ങള്‍ക്ക് സ്ഥിരമായി എജി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു. ഭരണഘടനാ സ്ഥാപനത്തില്‍ ഇത് ഭൂഷണമല്ല. 11-ലെ വാര്‍ത്താകുറിപ്പ് 16-ന് പുറത്തുവന്നതില്‍ അസ്വഭാവികതയെന്നും ധനമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."