മുഴപ്പിലങ്ങാട് എഫ്.സി.ഐ സമരം പത്താം ദിവസത്തിലേക്ക് ഡീ നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്നാണ് സംയുക്തസമരസമിതിയുടെ ആവശ്യം
തലശ്ശേരി: എഫ്.സി.ഐ ഗോഡൗണ്‍ തൊഴിലാളികളെ കരാര്‍ തൊഴിലാളികളാക്കി മാറ്റുന്ന ഡി നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗണിനു മുന്നില്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്നു. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത വേദിയുടെ ആഭിമുഖ്യത്തിലാണ് സമരം ആരംഭിച്ചത്. തൊഴിലാളി സമരം നീണ്ടു പോയാല്‍ അത് ഓണ വിപണിയെയും ബാധിക്കാനിടയുണ്ട്. എഫ്.സി.ഐ തൊഴിലാളികളെ കരാര്‍ തൊഴിലാളികളാക്കി മാറ്റുന്ന ഡി നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കു രൂപം നല്‍കാനാണ് സമര സമിതിയുടെ തീരുമാനം. സമരം ശക്തിപ്പെടുത്തുമ്പോള്‍ അതു പൊതുവിതരണ സംവിധാനത്തെ താറുമാറാക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്താകെയുള്ള എഫ്.സി.ഐകളില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനാണു യൂനിയനുകളുടെ ധാരണ. രാജ്യത്തെ 226 ഡിപ്പോകളിലും തൊഴിലാളികള്‍ക്കു ലഭിച്ചിരുന്ന ഡയരക്ട് പെയ്മെന്റ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതാണു സമരത്തിനു കാരണം. ഇന്നലെ നടന്ന സത്യഗ്രഹം മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി ഹാബിസ് ഉദ്ഘാടനം ചെയ്തു. എ രാജന്, എം.ജെ രഘു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."