പി.കെ ശ്യാമളക്ക് തെറ്റുപറ്റിയെന്ന് ആവര്‍ത്തിച്ച് പി. ജയരാജന്‍: സി.പി.എമ്മിലെ കലഹം കലാപമാകുന്നു
കണ്ണൂര്‍: പാര്‍ട്ടി സഖാക്കള്‍ക്ക് പറ്റുന്ന വീഴ്ചകള്‍ എത്ര വലുതായാലും സമ്മതിക്കാന്‍ മടിച്ച് ന്യായീകരിക്കുന്ന സി.പി.എമ്മിലെ നേതാക്കള്‍ തമ്മിലെ കലഹങ്ങള്‍ കലാപത്തോളം വളര്‍ന്നതിന്റെ ഉദാഹരണമാണ് ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ഉയര്‍ന്നുവന്ന പാര്‍ട്ടിയിലെ വിഭാഗീയത.
പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പുറത്തറിയാതെ കാക്കുന്നവര്‍ക്കുപോലും ഇ.പി ജയരാജനുമായി കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ക്കുള്ള അഭിപ്രായ ഭിന്നത മറച്ചുവെക്കാനാകുന്നില്ല. ഇ.പി ജയരാജന് തിരിച്ചും. ഇതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് മലയാളം വാരികയില്‍ ഇ.പി ജയരാജന്റേതായി വന്ന അഭിമുഖം.
പ്രവാസി വ്യവസായിയുടെ മരണത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണായ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിക്കുകയാണ് അദ്ദേഹം. നിയമസഭയില്‍പോലും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പി.കെ ശ്യാമളയെ സംരക്ഷിക്കുമ്പോഴാണ് ജയരാജന്റെ തുറന്നു പറച്ചില്‍. ഇത് പാര്‍ട്ടിക്കകത്തെ ചീഞ്ഞുനാറ്റത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കെട്ടിടനിര്‍മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടത് ഉദ്യോഗസ്ഥരാണ്. പക്ഷേ അതില്‍ ഒരു കാലതാമസം വന്നാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയ്ക്ക് ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ടെന്നും, അത് നിര്‍വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും ജയരാജന്‍ പറയുന്നു. അത് ശ്യാമള ഉള്‍ക്കൊള്ളണമെന്നും ജയരാജന്‍ ആവശ്യപ്പെടുന്നുണ്ട്.
ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നിലപാടില്‍ നിന്ന് വിരുദ്ധ നിലപാട് സ്വീകരിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയുമാണ് പി ജയരാജന്‍. ഇത് സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞതുമാണ്. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തതിന് നേരത്തെ വിമര്‍ശിക്കപ്പെട്ട പി.ജയരാജന്‍ ഇപ്പോഴും ഇതേ രീതി തുടരുകയാണെന്ന് കുറ്റപ്പെടുത്തലുണ്ടായിട്ടും, കലാപം തുടരുകയാണെന്നതിന്റെ സൂചനയാണ് ജയരാജന്റെ പുതിയ അഭിമുഖം.
കണ്ണൂരില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.കെ ശ്യാമളയെ വേദിയിലിരുത്തി പി.ജയരാജന്‍ വിമര്‍ശിച്ചതിനേയും കോടിയേരി വിമര്‍ശിച്ചു. അഭിപ്രായങ്ങളും വിയോജിപ്പുകളും പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും കോടിയേരി ഓര്‍മപ്പെടുത്തിയിരുന്നു.
നേരത്തേ പല വിഷയങ്ങളിലും പി. ജയരാജനെപ്പോലുള്ള 'ബിംബ'ങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. അത് വിലപ്പോവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. പി.ജയരാജന്‍, ഒരു കാലത്ത് വിഎസ് ഉണ്ടായിരുന്നത് പോലെ, തിരുത്തല്‍ ശക്തിയായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനിടയിലും നിലപാട് തുറന്നു പറയുകയാണ് ജയരാജന്‍ എന്നത് പാര്‍ട്ടിയില്‍ ശക്തമായ വിഭാഗീയത തുടരുന്നു എന്നതിന്റെ സൂചനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."