കാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ സ്‌റ്റേ നീക്കിയില്ല; നടപ്പാക്കും മുന്‍പ് എല്ലാവരെയും കേള്‍ക്കണമെന്ന് ഹൈക്കോടതി, സര്‍ക്കാരിന് കനത്ത തിരിച്ചടി
കൊച്ചി: ഒരു കുടക്കീഴില്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളെ കൊണ്ടുവരാനായി സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള സ്റ്റേ ഹൈക്കോടതി നീക്കിയില്ല. ഇത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി.
റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്‍പ് എല്ലാവരെയും കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ കേരള വിദ്യാഭ്യാസ ചട്ടം തിരുത്തുന്നതിന് സ്റ്റേ തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ നീക്കില്ലെന്ന് വ്യക്തമാക്കിയത്. ജൂലൈ 17-ന് കൊണ്ടുവന്ന സ്റ്റേ ഉത്തരവില്‍ ഭേദഗതി വരുത്താമെന്നും ഹൈക്കോടതി സമ്മതിച്ചിട്ടുണ്ട്.
കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹരജി പരിഗണിച്ചാണ് സ്റ്റേ. മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്തെ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയാണ് ഖാദര്‍ കമ്മിഷന്‍. ഡോ.എം.എ ഖാദര്‍ ചെയര്‍മാനും ജി ജ്യോതിചൂഢന്‍, ഡോ സി.രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമാ.ാണ് സമിതി രൂപീകരിക്കപ്പെട്ടത്. സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവ നടപ്പാക്കുന്നിന് മാര്‍ഗനിര്‍ദേശം നല്‍കാനായി ഖാദര്‍ കമ്മീഷന് രൂപം നല്‍കിയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദര്‍ കമ്മിഷന്റെ പ്രധാന ശുപാര്‍ശ.
വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് അധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റണമെന്നും ഇതിന്റെ ഭാഗമായി അധ്യാപക യോഗ്യതകളെല്ലാം ഉയര്‍ത്തണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവര്‍ത്തന ഘടകം സ്‌കൂളായിരിക്കും. ഒരു സ്‌കൂളിന് ഒരു സ്ഥാപന മേധാവി മാത്രമേ ഉണ്ടാകൂ.
മുഴുവന്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും സെക്കന്‍ഡറി സ്‌കൂളുകളായി മാറ്റണം. യുപി, ഹൈസ്‌കൂള്‍, സ്ഥാപന മേധാവികള്‍ പ്രിന്‍സിപ്പല്‍ എന്ന പേരില്‍ ആയിരിക്കണം. പ്രിന്‍സിപ്പല്‍ (സെക്കന്‍ഡറി), പ്രിന്‍സിപ്പല്‍ (ലോവര്‍ സെക്കന്‍ഡറി), പ്രിന്‍സിപ്പല്‍(പ്രൈമറി), പ്രിന്‍സിപ്പല്‍ (ലോവര്‍ പ്രൈമറി) എന്നിങ്ങനെയായിരിക്കും പുനര്‍നാമകരണം. ഇവയെല്ലാമായിരുന്നു ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ മറ്റു പ്രധാന ശുപാര്‍ശകള്‍.
കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളാണ് നേരത്തേ ഹൈക്കോടതി സ്റ്റേ ചെയ്തത്.
കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേ വന്നതിനാല്‍ ഈ പരിഷ്‌കാരങ്ങളും നിയമനങ്ങളും അസാധുവായി.
നിയമസഭയില്‍ ആലോചിക്കാതെയും സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാതെയും വിദ്യാഭ്യാസരംഗത്ത് ഇത്ര വലിയ പരിഷ്‌കരണം കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷവും പ്രതിപക്ഷ അധ്യാപകസംഘടനകളും സമരരംഗത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."