1,52,292 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മപരിശോധന നാളെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചവരുടെ എണ്ണം 1.5 ലക്ഷം കടന്നു. പത്രികാ സമര്‍പ്പണത്തിനുള്ള അവസാനദിനമായ വ്യാഴാഴ്ച വൈകിട്ട് ആറ് വരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ 1,52,292 പത്രികകളാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍. കുറവ് വയനാട്ടിലും. 23 വരെ പത്രിക പിന്‍വലിക്കാം.
പത്രിക ലഭിച്ചത് ഇങ്ങനെ
- ഗ്രാമപഞ്ചായത്ത്: 1,14,515
- ബ്ലോക്ക് പഞ്ചായത്ത്: 12,322
- ജില്ലാ പഞ്ചായത്ത്: 1,865
- മുനിസിപ്പാലിറ്റി: 19,747
- കോര്‍പറേഷന്‍: 3,843
ജില്ല തിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം- 12,982
- കൊല്ലം- 11,880
- പത്തനംതിട്ട- 7,190
- ആലപ്പുഴ- 11,614
- കോട്ടയം- 9,934
- ഇടുക്കി- 5,261
- എറണാകുളം- 15,723
- തൃശൂര്‍- 15,687
- പാലക്കാട്- 11,401
- മലപ്പുറം- 18,612
- കോഴിക്കോട്- 12,666
- വയനാട്- 4,281
- കണ്ണൂര്‍- 10,155
- കാസര്‍കോട്- 4,906
സൂക്ഷ്മപരിശോധന വെള്ളിയാഴ്ച
തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്ക് പുറമേ സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ക്ക് കൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാം. ഇവര്‍ക്ക് എല്ലാ സ്ഥാനാര്‍ഥികളുടേയും പത്രിക പരിശോധിക്കാന്‍ അനുവാദമുണ്ടായിരിക്കും. പത്രിക സമര്‍പ്പിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് സ്ഥാനാര്‍ഥിയുടെ യോഗ്യതും അയോഗ്യതയും പരിശോധിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."