HOME
DETAILS
MAL
നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളാം കൊള്ളാം: മാര്‍ഗനിര്‍ദേശങ്ങള്‍
backup
November 19 2020 | 17:11 PM
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക.
- പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്ക് പുറമേ സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ക്ക് കൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാം. ഇവര്‍ക്ക് എല്ലാ സ്ഥാനാര്‍ഥികളുടേയും പത്രിക പരിശോധിക്കാന്‍ അനുവാദമുണ്ടായിരിക്കും
- പത്രിക സമര്‍പ്പിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് സ്ഥാനാര്‍ഥിയുടെ യോഗ്യതും അയോഗ്യതയും പരിശോധിക്കേണ്ടത്
- ഒരു സ്ഥാനാര്‍ഥി ഒന്നിലധികം പത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ചെടുത്ത ശേഷം പരിശോധിക്കണം. ഇതില്‍, ഏതെങ്കിലും ഒരു പത്രികയിലെ നിസാര തെറ്റ്, അതായത് പട്ടികയിലെ പാര്‍ട്ട് നമ്പര്‍, ക്രമ നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, വയസ് എന്നിവ അവഗണിക്കാം
- സ്ഥാനാര്‍ഥിയുടെ ഒരു പത്രിക സാധുവാണെങ്കിലും മറ്റു പത്രികകള്‍ പരിശോധിക്കണം. സ്ഥാനാര്‍ഥിയുടെ എല്ലാ പത്രികകളും തള്ളുകയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ ഉടന്‍ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം. ഏതെങ്കിലും ഒരു പത്രിക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തള്ളിയ പത്രികകളെ സംബന്ധിച്ച ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ നല്‍കണം
- സ്വീകരിച്ച പത്രികളുടെ കാര്യത്തില്‍ അവ സ്വീകരിയ്ക്കാനിടയായ കാരണങ്ങള്‍ വരണാധികാരി വ്യക്തമാക്കേണ്ടതില്ല
- സൂക്ഷ്മപരിശോധനയില്‍ വരണാധികാരി ഒരു നീതിപാലകന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി തീരുമാനമെടുക്കണം. വരണാധികാരി വ്യക്തിപരമോ രാഷ്ട്രീയമോ ആയ നിലപാടെടുക്കരുത്. നിര്‍ഭയമായും നിഷ്പക്ഷമായും തീരുമാനമെടുക്കണം
- ഏതെങ്കിലും പത്രികയെക്കുറിച്ച് തടസവാദം ഉന്നയിക്കപ്പെട്ടാല്‍ അത് തീര്‍പ്പാക്കാന്‍ വരണാധികാരി ഒരു സംക്ഷിപ്ത അന്വേഷണം നടത്തി തീരുമാനമെടുക്കണം. ഓരോന്നിലും, പ്രത്യേകിച്ച് തടസവാദം ഉന്നയിക്കപ്പെടാതെ പത്രിക തള്ളുകയാണെങ്കില്‍ വരണാധികാരിയുടെ തീരുമാനം കാര്യകാരണസഹിതം ബോധ്യപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."