സഫലമാകുന്നത് ആയിരങ്ങളുടെ സ്വപ്‌നം
തൊടുപുഴ: കട്ടപ്പന സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ ഇന്ന് 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയവിതരണം ഉദ്ഘാടനം ചെയ്യുമ്പോള്‍ സഫലമാകുന്നത് ആയിരക്കണക്കിനു ആളുകളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലെ സ്വപ്നമാണ്.
രാജമുടിയിലെ ഉറുമ്പിക്കുന്ന് വീട്ടില്‍ ശോഭനയുടെ കുടുംബത്തില്‍ ഇപ്പോള്‍ ആഹ്ലാദം അലതല്ലുകയാണ്.
11 സെന്റ് ഭൂമിക്കു ലഭിച്ച പട്ടയം വാങ്ങാന്‍ അവര്‍ എത്തുന്നതു വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്നു സ്വപ്നം സാക്ഷാല്‍കൃതമായ സന്തോഷവുമായാണ്. പട്ടയമായി; ഇനി സ്വന്തമായി ഒരു വീട് വയ്ക്കണം. വിലകൊടുത്തുവാങ്ങിയ ഭൂമിയില്‍ ഇത്രകാലവും അന്യരെപ്പോലെ കഴിയേണ്ടിവന്നതിന്റെ ആശങ്ക അകന്നതിന്റെ ആശ്വാസത്തിലാണ് ശോഭനയും ഭര്‍ത്താവ് സദാശിവനും മൂന്നുമക്കളും.
1971 മുതലുള്ള കാത്തിരിപ്പിനൊടുവിലാണ് പെരുന്തൊട്ടിയിലെ ഊനുങ്കല്‍ വീട്ടില്‍ ആലീസിനും ഭര്‍ത്താവ് ജോര്‍ജിനും തങ്ങളുടെ 97 സെന്റ് കൃഷിഭൂമിക്ക് പട്ടയം ലഭിക്കുന്നത്. പിതാവ് വാങ്ങിയ ഭൂമി സ്വന്തം പേരില്‍ കിട്ടിയപ്പോള്‍ പട്ടയത്തിന് അപേക്ഷ നല്‍കിയതാണ്. പക്ഷേ കാത്തിരിപ്പ് 14 വര്‍ഷത്തോളം നീണ്ടു. ഒടുവില്‍ ഈ ഗവണ്‍മെന്റ് വന്നശേഷമാണ് പട്ടയം ലഭിക്കുന്നത്. ഇനി കൃഷി വിപുലപ്പെടുത്തണം. പലിശ കുറഞ്ഞ വായ്പ ലഭിക്കാന്‍ പട്ടയമുള്ള ഭൂമി അത്യാവശ്യമായിരുന്നു.
മക്കളും പഠിക്കുകയാണ്. അവരുടെ വിദ്യാഭ്യാസ വിവാഹ ആവശ്യത്തിന് വായ്പ എടുക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഈ പട്ടയം ഏറെ ഉപകരിക്കും. ആലീസും ജോര്‍ജും പറഞ്ഞു. ജാതിയും കുരുമുളകും കൊക്കോയും നട്ടുനച്ചു വിയര്‍പ്പ് വളമാക്കി മണ്ണില്‍ പൊന്നുവിളയിക്കുന്ന ഈ കര്‍ഷകര്‍ പട്ടയ സ്വപ്നം പൂവണിഞ്ഞതിന് നന്ദി പറയുന്നു.
മൂന്നുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ 72 കാരനായ പനച്ചിപ്പള്ളില്‍ വീട്ടില്‍ സെബാസ്റ്റ്യന് പട്ടയം കിട്ടുമ്പോള്‍ അത് യാതനാ പൂര്‍ണമായ ഒരു കാത്തിരിപ്പിന്റെ പരിസമാപ്തിയാണ്. 42 വയസുമുതല്‍ സ്വന്തം സ്ഥലത്തിന് പട്ടയം ലഭിക്കാന്‍ വാതിലുകള്‍ പലതും മുട്ടിത്തുടങ്ങിയതാണ്. ജീവിതത്തിന്റെ ഈ അപരാഹ്നവേളയിലെങ്കിലും പട്ടയം ലഭിച്ചുവല്ലോ എന്ന സംതൃപ്തിയിലാണ് സെബാസ്റ്റ്യനും ഭാര്യ റംലത്തും. 1988 ല്‍ പട്ടയ അപേക്ഷ നല്‍കിയതാണ്.
1993ല്‍ പട്ടയത്തിനുള്ള ഫീസ് അടച്ചു. പട്ടയം മാത്രം കിട്ടിയില്ല. ചോദിക്കുമ്പോള്‍ പിന്നെത്തരാം എന്നു പറഞ്ഞ് നീട്ടിക്കൊണ്ടുപോയത് പതിറ്റാണ്ടുകള്‍. പട്ടയം ലഭിച്ചിരുന്നെങ്കില്‍ ജീവിതം കുറച്ചുകൂടി മെച്ചമായേനേ എന്ന് വിഷാദത്തോടെ പറയുമ്പോഴും സെബാസ്റ്റ്യന്‍ ഇപ്പോഴെങ്കിലും പട്ടയം കിട്ടയതിലുള്ള സന്തോഷം മറച്ചുവയ്ക്കുന്നില്ല. ഇനി കൃഷി കൂടുതല്‍ വിപുലമാക്കണം. നഷ്ടപ്പെട്ടതൊന്നും തിരിച്ചുപിടിക്കാന്‍ കഴിയില്ലെങ്കിലും കൃഷിയില്‍ കൂടുതല്‍ സജീവമാകണം, സെബാസ്റ്റ്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."