രാജ്യത്ത് കന്നുകാലി സെന്‍സസ് നാളെ അവസാനിക്കും
മലപ്പുറം: രാജ്യത്ത് കാര്‍ഷിക -ക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഇരുപതാമത് കന്നുകാലി സെന്‍സസ് നാളെ അവസാനിക്കാനിരിക്കെ നടപടികള്‍ പൂര്‍ത്തീകരിക്കാനാവാതെ കേരളം. പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലുള്ള ആദ്യ കന്നുകാലി സെന്‍സസായിരുന്നു ഇത്തവണത്തേത്. സംസ്ഥാനത്ത് സെന്‍സസ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് 'ലൈവ് സ്‌റ്റോക്ക് സെന്‍സസ് 3.1' എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ സെര്‍വറിലേക്ക് നേരിട്ടെത്തുകയുമാണ്. എന്നാല്‍ ഈ സെര്‍വര്‍ നാളെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഇതോടെ സംസ്ഥാനത്തിനു സെന്‍സസ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുമെന്നതാണ് നിലവിലെ പുതിയ പ്രതിസന്ധി.
കൂടാതെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് പൂര്‍ണമായി പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. സെന്‍സസ് നടപടികള്‍ തന്നെ പൂര്‍ത്തീകരിക്കാനാവാതെ വിവരങ്ങള്‍ പൂര്‍ണമായി പരിശോധിക്കാനും കഴിയില്ല. അതിനാല്‍തന്നെ ഒരു മാസംകൂടി അധികമായി ലഭിച്ചാല്‍ മാത്രമെ കേരളത്തിനു സെന്‍സസ് നടപടികള്‍ കൃത്യമായി പൂര്‍ത്തീകരിക്കാനാവുകയുള്ളൂ.
വീടുകളില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ 120 ശതമാനം പൂര്‍ത്തീകരിച്ചു കഴിഞ്ഞാലേ സംസ്ഥാനത്തെ സെന്‍സസ് പൂര്‍ത്തീകരിച്ചുവെന്നു പറയാനാവുകയുള്ളൂ. കാരണം നിലവില്‍ 2011 ലെ വീടുകളുടെ എണ്ണത്തിനനുസരിച്ചാണ് സെന്‍സസ് നടപടികളുടെ പ്രോഗ്രസ് കണക്കാക്കുന്നത്. എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വീടുകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നതിനാല്‍ തന്നെ നൂറുശതമാനം പൂര്‍ത്തീകരിക്കുന്നതിലൂടെ സംസ്ഥാനത്തെ വിവരശേഖരണം പൂര്‍ത്തിയായി എന്നു പറയാനാവില്ല. കേരളത്തില്‍ വൈകിത്തുടങ്ങിയതാണ് സെന്‍സസ് നടപടികള്‍ പിറകിലാവാന്‍ കാരണമായത്. കേരളം ഒഴികെ 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2018 ഒക്ടോബറിലായിരുന്നു കന്നുകാലി സെന്‍സസിനു തുടക്കമായിരുന്നത്. പ്രളയം കാരണം സംസ്ഥാനത്ത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സെന്‍സസ് തുടങ്ങാനായിരുന്നത്. മുഖ്യ മൃഗോല്‍പ്പന്നങ്ങളായ പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്‍പാദന നിര്‍ണയം നടത്തുന്നതിനു ആധാരമാക്കുന്നതും പദ്ധതി ആസൂത്രണങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാക്കുന്നതും ഈ സെന്‍സസിനെയാണ്. അതിനാല്‍ തന്നെ കൃത്യമായി ഇതു നടക്കാതെ പോവുന്നത് സംസ്ഥാനത്തിനു തിരിച്ചടിയാവുമെന്നാണ് വിദഗ്ധാഭിപ്രായം. രാജ്യത്താകമാനം ഒരോ അഞ്ചുവര്‍ഷങ്ങളിലും നടത്തിവരുന്ന കന്നുകാലി സെന്‍സസ് 2012 ലാണ് അവസാനമായി നടന്നത്. മുഴുവന്‍ പക്ഷി മൃഗാധികളുടെയും എണ്ണം വാര്‍ഡുതലത്തില്‍ ശേഖരിക്കുകയാണ് കന്നുകാലി സെന്‍സസ് പ്രകാരം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."