സഊദിയിലെ ആദ്യ വാര്‍ത്താ വായനക്കാരിയായി വിയാം അല്‍ ദഖീല്‍
ജിദ്ദ: സഊദിയുടെ ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഊദി ടെലിവിഷനില്‍ വാര്‍ത്ത വായിച്ച് വിയാം സഊദി യുവതി ചരിത്രത്തില്‍ ഇടം പിടിച്ചു. ഒരു വാര്‍ത്താ ചാനലില്‍ ആദ്യമായാണ് വൈകുന്നേരത്തെ പ്രധാന വാര്‍ത്താ ബുള്ളറ്റിന്‍ ഒരു സ്ത്രീ അവതരിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സഊദി ഭരണകൂടം നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ വണ്ണില്‍ ഒരു വനിതാ അവതാരകയെത്തിയത്.
വിയാം അല്‍ ദഖീലാണ് പ്രധാനപ്പെട്ട വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിച്ച ആദ്യ സഊദി വനിത എന്ന നേട്ടത്തിന് ഉടമയായത്. വാര്‍ത്താവതാരകനായ ഒമര്‍ അല്‍ നശ്വാനൊപ്പം രാത്രി 9.30നുള്ള വാര്‍ത്താ പരിപാടിയാണ് വിയാം അവതരിപ്പിച്ചത്. സാധാരണ ഗതിയില്‍ രാവിലെയുള്ള വാര്‍ത്താ അധിഷ്ഠിത പരിപാടികളോ വനിതകള്‍ക്കുള്ള പ്രത്യേക പരിപാടികളോ, കാലാവസ്ഥാ വിവരണങ്ങള്‍, കുക്കറി ഷോകള്‍ തുടങ്ങിയവയൊക്കെയാണ് സഊദി ചാനലുകളില്‍ സ്ത്രീകള്‍ അവതരിപ്പിക്കാറുള്ളത്. 2016ലാണ് ജുമാന അല്‍ ഷാമി എന്ന വനിത ആദ്യമായി രാവിലെയുള്ള വാര്‍ത്താ പരിപാടി അവതരിപ്പിച്ചത്. പ്രധാനപ്പെട്ട വാര്‍ത്താ ബുള്ളറ്റിനില്‍ അവതാരകയായി വിയാം അല്‍ ദഖീം രചിച്ചത് പുതുചരിത്രവും.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന സഊദി വിഷന്‍ 2030 പദ്ധതിയുടെ പ്രധാന അജണ്ടകളിലൊന്നാണ് സ്ത്രീ മുന്നേറ്റം. വനിതകള്‍ക്ക് ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങളും വിഷന്‍ 2030ന്റെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."