കോണ്‍ഗ്രസ് തിരിച്ചുവന്നേ മതിയാവൂ
ബിഹാര്‍ തെരഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തിനുശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തുനിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ബിഹാറില്‍ മഹാസഖ്യത്തിന്റെ വിജയം മിക്കവാറും ഉറപ്പാക്കിക്കൊണ്ടുള്ളതായിരുന്നു എക്‌സിറ്റ് പോളുകളെങ്കിലും വീണ്ടും എന്‍.ഡി.എ തന്നെ മുന്നിലെത്തി. നിതീഷ്‌കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും അദ്ദേഹത്തിന്റെ തന്നെ രാഷ്ട്രീയ ഭാവിക്കുമേല്‍ നിഴല്‍ വീഴ്ത്തിയാണ് ബി.ജെ.പിയുടെ മുന്നേറ്റം സംഭവിച്ചത്. ബി.ജെ.പി പാളയത്തിന് അമിതമായ ആഹ്ലാദവും ആത്മവിശ്വാസവും നല്‍കികൊണ്ട് വലിയ മുന്നേറ്റം കാഴ്ചവച്ചത് ബിഹാറില്‍ മാത്രമല്ല. ഇടക്കാല തെരഞ്ഞെടുപ്പു നടന്ന മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി തന്നെയാണ് മുന്നേറിയത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ വിലക്കുവാങ്ങി ഭരണം അട്ടിമറിച്ചിടത്തും ബി.ജെ.പി സുസ്ഥിരമായി ചുവടുറപ്പിച്ചുവെന്നത് ഭാവി ഇന്ത്യയെ സംബന്ധിച്ച ജനാധിപത്യ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് മുക്തഭാരതം സൃഷ്ടിക്കാന്‍ ബി.ജെ.പിയ്ക്ക് ഏറെയൊന്നും പണിപ്പെടേണ്ടിവരില്ല. ഇത് ജനാധിപത്യ വിശ്വാസികളെ ഹതാശരാക്കുകയും ചെയ്യുന്നു.
ബിഹാറിലെന്നല്ല ഇന്ത്യയിലൊരിടത്തും ബി.ജെ.പിയ്ക്ക് സുരക്ഷിതമാവാനോ നിലമെച്ചപ്പെടുത്താനോ സഹായകരമായ യാതൊരു സാഹചര്യവും ഇല്ല. കൊവിഡാനന്തരം സമ്പദ്ഘടനക്കേറ്റ പരുക്കും സാധാരണ ജനങ്ങളുടെ ജീവിതം അരക്ഷിതമായതും ഭരണകൂടത്തിനും സംഘ്പരിവാര്‍ രാഷ്ട്രീയത്തിനും എതിരായി ജനവികാരം രൂപപ്പെടുത്തുന്നതില്‍ വളരെ സഹായകരമായി മാറേണ്ടതുമായിരുന്നു. എന്നിട്ടും ബി.ജെ.പി മുന്നേറുന്നതിന്റെ മാജിക് അത്ഭുതകരമായിരിക്കുന്നു. എല്ലാ ജനാധിപത്യ പാര്‍ട്ടികളും ആത്മപരിശോധന നടത്തേണ്ട സമയമാണിത്. പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി.
കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ആദ്യം വന്ന പ്രതികരണം ആത്മപരിശോധനയുടെ സ്വരത്തിലുള്ളതായിരുന്നില്ല. മറിച്ച് വോട്ടിങ് മെഷിനെതിരേയും ഉവൈസിക്കെതിരേയുമായിരുന്നു. കോണ്‍ഗ്രസ് പോലൊരു രാഷ്ട്രീയപ്പാര്‍ട്ടി സ്വന്തം പരാജയത്തിന്റെ ഉത്തരവാദിത്വം ഒരു യന്ത്രത്തിനുമേല്‍ കെട്ടിവെയ്ക്കുന്നത് ഭൂഷണമല്ലല്ലൊ. വോട്ടിങ് യന്ത്രത്തെ ജനാധിപത്യ വിശ്വാസികള്‍ സംശയത്തോടെ തന്നെയാണ് കാണുന്നത്. തര്‍ക്കമില്ല. പക്ഷേ, യന്ത്രം ഉപയോഗിച്ചുകൊണ്ടുള്ള കൃത്രിമങ്ങള്‍ തെളിയിക്കാന്‍ സാധ്യമല്ലാത്തിടത്തോളം കാലം വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ല. ബിഹാര്‍ ഇലക്ഷനിലെ പരാജയത്തിനുശേഷം ഉവൈസിക്കുനേരെ രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എല്ലാവരും കൂടി വളഞ്ഞിട്ട് ഉവൈസിയെ ആക്രമിക്കേണ്ട കാര്യമെന്ത്? ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമാര്‍ന്ന മുന്നേറ്റം നടത്തിയത് ഇടതുപക്ഷം മാത്രമാണോ? ഉവൈസിയുമല്ലേ? അദ്ദേഹത്തിന്റെ രാഷ്ട്രീയം സ്ഥായിയായി നിലനില്‍ക്കുന്നതുമല്ല. തീവ്രതകൊണ്ട് സംഘ്പരിവാറിനു ബദലായി ഒരു മുസ്‌ലിം സംഘടന പടുത്തുകെട്ടിയാല്‍ അതിന്റെ നഷ്ടം സഹിക്കേണ്ടി വരിക മുസല്‍മാന്‍ തന്നെയാണ്. ആ നിലയ്ക്ക് ഉവൈസി തന്റെ നിലപാടുകള്‍ ജനാധിപത്യരീതിയില്‍ പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്. ജനാധിപത്യ കൂട്ടായ്മകളോട് അകലം പാലിച്ച് മുസ്‌ലിം ജനവിഭാഗത്തെ മാത്രം സംഘടിപ്പിച്ച് ഏറെകാലം മുന്നോട്ടുകൊണ്ടു പോകാനാവില്ല. സംഘ്പരിവാര്‍ ഭീതിയില്‍ അകപ്പെട്ടുപോയ പാവപ്പെട്ട മുസല്‍മാന്മാരാണ് ഉവൈസിയുടെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഇന്ധനം. അതിലും തര്‍ക്കമില്ല. ഇതിനൊരു മറുവശമുണ്ട്. സംഘ്പരിവാരത്തിന്റെ ആക്രമണോത്സുകതയില്‍ അരക്ഷിതരായ മുസ്‌ലിം ജനവിഭാഗത്തെ വിശ്വാസത്തിലെടുക്കാനോ അവര്‍ക്ക് അളവറ്റ പിന്തുണ നല്‍കാനോ കോണ്‍ഗ്രസിന് സാധിച്ചുവോ? ഷഹീന്‍ബാഗ് പോലുള്ള സമരങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ കോണ്‍ഗ്രസും പരാജയപ്പെട്ടു. പൗരത്വഭേദഗതി നിയമത്തിനെതിരേ നടന്ന സമരങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ ഉവൈസിയെപ്പോലുള്ള തീവ്രഭാഷണം നടത്തുന്നവരുടെ പിറകെ മുസ്‌ലിംകള്‍ അണിനിരക്കുന്നത് അവരുടെ നിസ്സഹായത. മുസ്‌ലിംകള്‍ക്കായി സംസാരിച്ചാല്‍ ഹിന്ദുവോട്ട് ബാങ്ക് നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയില്‍ നിന്ന് രക്ഷപ്പെടാതെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് മൃദു ഹിന്ദു പരിവേഷത്തെ മറികടക്കാനാവില്ല. കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അവരുടെ എം.എല്‍.എമാരെ വിലക്കുവാങ്ങുന്നതില്‍ ഇപ്പോഴും ബി.ജെ.പി വിജയിക്കുന്നുവെന്നതാണ്. അധികാരത്തിനും സമ്പത്തിനുമപ്പുറത്തേയ്ക്ക് ജനാധിപത്യത്തിന്റെ അന്തസ്സിനുവേണ്ടി നിലനില്‍ക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സാധിക്കാത്തിടത്തോളം കാലം ആ പാര്‍ട്ടിയുടെ ഭാവി ഇരുളടഞ്ഞതു തന്നെ. മൃദു ഹിന്ദുത്വമല്ല മറിച്ച് ദലിതുകളുടേയും ന്യൂനപക്ഷങ്ങളുടേയും വിശ്വാസം നേടുകയാണ് കോണ്‍ഗ്രസിനു മുമ്പിലുള്ള യഥാര്‍ഥ വഴി. അത് തെരഞ്ഞെടുക്കുന്നില്ല എന്നിടത്താണ് ഈ പാര്‍ട്ടിയുടെ പരാജയം. സംഘ്പരിവാറിന്റെ ബി.ടീമായി താന്‍ കളിക്കുന്നു എന്ന വിമര്‍ശനത്തിന് ഉവൈസിക്കുമുണ്ടല്ലൊ തന്റേതായ മറുപടി. മറ്റ് ജനാധിപത്യ പാര്‍ട്ടികള്‍ തന്റെ പാര്‍ട്ടിയെ മാറ്റിനിര്‍ത്തി എന്നതാണ് ഉവൈസിയുടെ മുഖ്യവിമര്‍ശനം. അതിലൊരു ശരിയുമില്ലേ? ഉവൈസിയെ മഹാസഖ്യത്തിന്റെ ഭാഗമാക്കിയിരുന്നുവെങ്കില്‍ ബിഹാര്‍ രാഷ്ട്രീയം മറ്റൊന്നായേനെ. സംഘ്പരിവാറിന്റെ മുസ്‌ലിം ബദലാവാതെ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടേയും ആകാശത്ത് പൂത്തുനിറയാന്‍ ഉവൈസിയ്ക്കും അവസരം കിട്ടുമായിരുന്നു. നിരന്തരമായി വേട്ടയാടപ്പെടുന്ന ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും ഏകപക്ഷീയമായി ജനാധിപത്യ പാര്‍ട്ടികളെ പിന്തുണക്കേണ്ട ബാധ്യതയൊന്നുമില്ലല്ലൊ.
പരിമിതികള്‍ ഒരുപാടുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി നടന്ന ഏറ്റവും മികച്ച ഐക്യമുന്നണി തന്നെയായിരുന്നു മഹാസഖ്യം. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അളവറ്റ പിന്തുണ നല്‍കി. എടുത്തു പറയേണ്ടത് സി.പി.ഐ.എം.എല്‍. ലിബറേഷന്റെ നിലപാടാണ്. ബിഹാറില്‍ അവര്‍ പുതിയ പേരൊന്നുമല്ല. ബിഹാര്‍ രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമാണവര്‍. അഴിമതിയുടെ കറ ഇതേവരെ വീണിട്ടില്ലാത്ത പ്രസ്ഥാനമാണത്. പ്രത്യയശാസ്ത്രപരമായ കാര്‍ക്കശ്യം കൂടുതലാണവര്‍ക്ക്. കോണ്‍ഗ്രസ് പാര്‍ട്ടിയെയൊന്നും ഒരു കാലത്തും അവര്‍ അംഗീകരിച്ചിട്ടുമില്ല. എന്നിട്ടും അവര്‍ മഹാസഖ്യത്തിന്റെ ഭാഗമായി മികച്ച മുന്നേറ്റം നടത്തി. വോട്ടിങ് ശതമാനത്തില്‍ ലിബറേഷന്റെ പിന്നിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും ഇനി തയാറല്ലെന്ന് ലിബറേഷന്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് അഖിലേഷ് യാദവും പറയുന്നു. ഒരു സഖ്യത്തിന്റേയും കൂടെ നിര്‍ത്താനാവാത്ത, വേരുകളില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയാണോ. ദിനേദിനേ അവരുടെ ആത്മവിശ്വാസം ചോര്‍ന്നു പോകുന്നു. അടിമുടി നിരാശബാധിച്ചിരിക്കുന്നു. അങ്ങാടിയില്‍ സ്വയം വില്‍ക്കാന്‍ തയാറായി നില്‍ക്കുകയാണ് ഇടത്തരം നേതാക്കള്‍. നല്ല വിലപറയാന്‍ ബി.ജെ.പിയുണ്ട്. ഒരു അധ്യക്ഷനില്ല അവര്‍ക്ക്. കൃത്യമായി കാര്യങ്ങള്‍ പറയാന്‍ വക്താവില്ല. ദേശീയമോ ദേശാന്തരീയമോ ആയ വിഷയത്തില്‍ നിലപാടുകളില്ല. ധൈഷണികമായി മെലിഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന് ഇനിയെങ്ങനെ ഫാസിസത്തെ ചെറുക്കാനാവും. ഏകോപനമില്ല. ഹൈക്കമാന്റ് തീരുമാനമില്ല. നേതാക്കള്‍ അവര്‍ക്കിഷ്ടമുള്ളത് വിളിച്ചു പറയുന്നു. ഇങ്ങനെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയ്ക്ക് മുന്നോട്ടുപോകാനാവില്ല.
കപില്‍ സിബല്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ കാര്‍ത്തി ചിദംബരം അത് ഏറ്റെടുത്തു. എന്നാല്‍ ഇവരുടെ വിമര്‍ശനങ്ങള്‍ക്ക് ആത്മാര്‍ഥതയോ വിശ്വാസ്യതയോ ഇല്ല. ദന്തഗോപുരവാസികളാണവര്‍. ഒരു പോരാട്ടവീഥിയിലും നമ്മള്‍ അവരെ കണ്ടിട്ടില്ല. അവരെന്നല്ല. ഭൂരിഭാഗം നേതാക്കളും തെരുവിലില്ല. ഭാവി ഇന്ത്യയെക്കുറിച്ച് ഒരു സ്വപ്നവും അവര്‍ ജനതയുമായി പങ്കുവെക്കുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത ഒരു പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ വേദനാജനകമാണ്. കോണ്‍ഗ്രസിനെ ബാധിച്ച രോഗമെന്താണെന്ന് ഇനി ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. രോഗനിര്‍ണയമൊക്കെ കഴിഞ്ഞു. ഇനി വേണ്ടത് ചികിത്സ. അതിന് നേതാക്കള്‍ തെരുവിലിറങ്ങിയേ പറ്റൂ. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം കൈകോര്‍ത്തുനിന്ന് പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കെല്‍പ്പുള്ള നേതാക്കളുടെ അഭാവം വലിയവെല്ലുവിളിയാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും ജനങ്ങള്‍ക്കൊപ്പമുള്ളത് രാഹുലും പ്രിയങ്കയുമാണ്. എന്നാല്‍, ഇവര്‍ക്കുമാത്രമായി രക്ഷപ്പെടുത്താവുന്ന അവസ്ഥയിലല്ല കോണ്‍ഗ്രസുള്ളത്. കോണ്‍ഗ്രസിനെ പ്രത്യയശാസ്ത്ര അടിത്തറയുള്ള പാര്‍ട്ടിയായി പടുത്തുകെട്ടേണ്ടതുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ഇളക്കി മറിക്കുന്ന നേതാക്കളുണ്ടാവണം. രാഹുലിന്റെ പോരാട്ടങ്ങളെല്ലാം പാതി വഴിയ്ക്ക് അവസാനിക്കുന്നത് അത് ഏറ്റെടുക്കാന്‍ മറ്റ് നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ്. ഫാസിസത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള ബാധ്യത രാഹുലിനും പ്രിയങ്കയ്ക്കും മാത്രമുള്ളതാണോ? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച ആഘോഷിക്കുന്നവരുണ്ടാവാം. പക്ഷേ അതിന്റെ പേരില്‍ വില നല്‍കേണ്ടിവരുന്നത് ജനാധിപത്യ ഭാരതമാണ്. ഈ പാര്‍ട്ടി ശക്തമായി തിരിച്ചുവന്നേ മതിയാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."