നിയമനാംഗീകാരം ലഭിച്ചിട്ടും അധ്യാപകര്‍ക്ക് ശമ്പളമില്ല
കല്‍പ്പറ്റ: എയ്ഡഡ് സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിച്ചിട്ടും ശമ്പളമില്ല. അംഗീകാരം നല്‍കി തൊട്ടടുത്ത പ്രവര്‍ത്തി ദിവസത്തില്‍ ശമ്പളം നല്‍കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുമ്പോഴാണ് അംഗീകാരം ലഭിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും വയനാട്ടിലെ 60ലധികം അധ്യാപകരുടെ ശമ്പളം തടഞ്ഞുവയ്ക്കുന്നത്.
നാലുവര്‍ഷവും അതിലധികവും കാലം ജോലിയിലുള്ളവരോടാണ് ഇത്തരത്തിലുള്ള വിവേചനം. എയ്ഡഡ് സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ 15 ദിവസത്തിനുള്ളില്‍ 'സമന്വയ' സോഫ്റ്റ്‌വെയറിലൂടെ ജില്ലാ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കേണ്ടത് സ്‌കൂള്‍ മാനേജ്‌മെന്റാണ്. ഇതിനോടൊപ്പം ഉദ്യോഗാര്‍ഥികളുടെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ 15 ദിവസത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഉദ്യോഗാര്‍ഥിക്ക് നിയമനാംഗീകാരം നല്‍കുകയോ സര്‍ട്ടിഫിക്കറ്റുകളുടെ അഭാവത്തില്‍ നിരസിക്കുകയോ ചെയ്യേണ്ടത് ജില്ലാ വിദ്യാഭ്യാസ ഓഫിസറാണ്.
നാലുവര്‍ഷം മുന്‍പ് നല്‍കിയിരുന്ന അപേക്ഷകളില്‍പോലും തീര്‍പ്പ് കല്‍പ്പിക്കാതെ അവ മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ രണ്ടു മാസം മുന്‍പ് ഈ അധ്യാപകരുടെയെല്ലാം നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. നിലവിലെ വിദ്യാഭ്യാസ ഓഫിസറാണ് ഇവരുടെ നിയമനാംഗീകാരത്തില്‍ തീരുമാനമെടുത്തത്.
നിയമനാംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ സേവന-വേതന പുസ്തകം(സര്‍വിസ് ബുക്ക്) ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനിലും നേരിട്ടും സമര്‍പ്പിക്കണം. ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെടുന്ന സര്‍വിസ് ബുക്കുകള്‍ക്ക് അംഗീകാരം നല്‍കേണ്ടതും ഡി.ഇ.ഒയാണ്.
ഡി.ഇ.ഒയുടെ അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമെ ജീവനക്കാര്‍ക്ക് പെര്‍മനന്റ് എംപ്ലോയിസ് നമ്പര്‍(പെന്‍) ലഭിക്കുകയുള്ളൂ. ഈ നമ്പര്‍ ലഭിച്ചെങ്കില്‍ മാത്രമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നല്‍കുന്ന സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ ഇവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ. മിനിറ്റുകള്‍ കൊണ്ടുതീര്‍ക്കാവുന്ന ഈ ജോലി ഡി.ഇ.ഒ ഓഫിസ് ചെയ്യാതെ അലംഭാവം കാണിക്കുന്നതാണ് ശമ്പളം ലഭിക്കാതിരിക്കാന്‍ കാരണമെന്നാണ് ആക്ഷേപം.
നിയമനാംഗീകാരം ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും അടിയന്തിരമായി ശമ്പളം നല്‍കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് കൈകൊള്ളണമെന്ന ആവശ്യം അധ്യാപക സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്.
ഇതേ സ്ഥിതിവിശേഷമാണ് അവധി അടക്കമുള്ള ഒഴിവുതസ്തികകളില്‍ ജോലി ചെയ്ത താല്‍ക്കാലിക അധ്യാപകര്‍ക്കുമുള്ളത്. വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടും ഒരു രൂപ പോലും ശമ്പളയിനത്തില്‍ ലഭിക്കാത്ത ഇവരും പ്രതിസന്ധിയിലാണ്. ഇവരുടെ ഫയലുകളെല്ലാം ജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ കുരുങ്ങിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."