പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മാണ നിയന്ത്രണം കേരളം മുഴുവന്‍ നടപ്പാക്കണമെന്ന് സുപ്രിംകോടതി
ഇടുക്കിയില്‍ മാത്രമായി പരിമിതപ്പെടുത്തരുത്
ന്യൂഡല്‍ഹി: പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മാണ നിയന്ത്രണം ഇടുക്കി ജില്ലയില്‍ മാത്രമായി പരിമിതപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. കേരളത്തിലെ മറ്റു ജില്ലകളിലും പട്ടയ ഭൂമി ഇല്ലേ എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് ജസ്റ്റിസുമാരായ ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. ഒരു ജില്ലയില്‍ മാത്രമായി എങ്ങനെ നിയന്ത്രണം പരിമിതപെടുത്താന്‍ കഴിയുമെന്നും കോടതി ചോദിച്ചു.
എട്ട് വില്ലേജുകളിലും ഇടുക്കിയിലും മാത്രമായി ഭൂപതിവ് ചട്ടം ബാധകമാക്കി നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പട്ടയ വ്യവസ്ഥകളുടെ ലംഘനം തടയുന്നതിന് കേരളത്തില്‍ മുഴുവന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്.
എല്ലാപട്ടയ ഭൂമിയിലും നിയമം നടപ്പിലാക്കാനുള്ള ഹൈക്കോടതി ഉത്തരവ് നിയമനിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉള്ള അധികാരത്തില്‍ കടന്നു കയറുന്ന നടപടിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ വാദിച്ചു.
എന്ത് ആവശ്യത്തിനാണ് ഭൂമി നല്‍കുന്നതെന്ന് വ്യക്തമാക്കി ഏഴ് ദിവസത്തിനുള്ളില്‍ കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ പ്രയാസമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ മാത്രം നിര്‍മാണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് എതിര്‍ കക്ഷികള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി. ചിദംബരം ചൂണ്ടിക്കാട്ടി.
ഉത്തരവ് നടപ്പിലാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെതിരെ എടുത്ത കോടതി അലക്ഷ്യ ഹരജിയിലും ഇടപെടാന്‍ സുപ്രിം കോടതി വിസമ്മതിച്ചു.
ലാലി ജോര്‍ജ്, അതിജീവന പോരാട്ട വേദി എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍. സുപിംകോടതി ഉത്തരവോടെ കേരളം മുഴുവന്‍ ഭൂപതിവു നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാരിന് നടപ്പാക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."