കൊവിഡ്: മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് മെഡിക്കല്‍ സീറ്റില്‍ സംവരണം
ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തിനിടെ മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് മെഡിക്കല്‍ സീറ്റില്‍ സംവരണം. ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തില്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ആണ് അറിയിച്ചത്.
ഈ അധ്യയനവര്‍ഷത്തില്‍ കേന്ദ്ര പൂളില്‍നിന്നുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങളില്‍ 'കൊവിഡ് പോരാളികളുടെ മക്കള്‍' എന്ന പുതിയ വിഭാഗംകൂടി ചേര്‍ക്കും. 'കൊവിഡ് പോരാളികളുടെ ആശ്രിതര്‍' എന്ന പേരില്‍ പുതിയ വിഭാഗത്തെ സൃഷ്ടിച്ചാവും സംവരണം ഏര്‍പ്പെടുത്തുക.
ഇവര്‍ക്കായി കേന്ദ്രപൂളില്‍നിന്നുള്ള അഞ്ച് സീറ്റുകള്‍ മാറ്റിവയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് മരിക്കുകയോ കൊവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തില്‍ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്കാവും കേന്ദ്ര പൂളിലുള്ള മെഡിക്കല്‍ സീറ്റുകള്‍ മാറ്റിവയ്ക്കുക.
പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊവിഡ് പോരാളികളുമായി നേരിട്ട് ഇടപഴകുകയും അവരെ പരിചരിക്കുകയും ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, വളന്റിയര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങളിലെയോ കരാര്‍ അടിസ്ഥാനത്തില്‍ ഉള്ളതോ ദിവസവേതനത്തില്‍ ജോലിചെയ്യുന്നതോ താല്‍ക്കാലിക അടിസ്ഥാനത്തിലോ ഉള്ള സംസ്ഥാന- കേന്ദ്ര ആശുപത്രി ജീവനക്കാര്‍, സ്വയംഭരണാധികാരമുള്ള ആശുപത്രി ജീവനക്കാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ എയിംസിലെയോ കൊവിഡുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചവര്‍ എന്നിവരും 'കോവിഡ് പോരാളികളുടെ മക്കള്‍' എന്ന നിര്‍വചനത്തില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."