വീട്ടുനികുതി വര്‍ധിക്കും
ഹോട്ടല്‍ ഭക്ഷണത്തിന് പ്രളയ സെസ് ഇല്ല
തിരുവനന്തപുരം: ഒരുശതമാനം പ്രളയസെസ് ഉള്‍പ്പെടെ വിവിധതരം നികുതിനിര്‍ദേശങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കുന്ന 2019ലെ കേരള ധനകാര്യബില്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
12, 18, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒരു ശതമാനം പ്രളയ സെസ് ഈടാക്കും. അതേസമയം, 0.5 ശതമാനം സ്ലാബുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രളയസെസ് ചുമത്തില്ല. ഹോട്ടല്‍ ഭക്ഷണത്തെ പ്രളയസെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹനം വാങ്ങുന്ന ഉടമസ്ഥന് സ്വന്തമായി ഫ്‌ളാറ്റുണ്ടെങ്കില്‍ സര്‍ചാര്‍ജ് നല്‍കേണ്ടിവരുമെന്ന വ്യവസ്ഥക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. 20,000 രൂപക്ക് മുകളില്‍ വായ്പ കൊടുക്കുന്നവര്‍ ചെക്കായി നല്‍കണമെന്ന നിര്‍ദേശവും ബില്ലിലുണ്ട്. ധനകാര്യസ്ഥാപനങ്ങളോ വ്യക്തികളോ നല്‍കുന്ന വായ്പക്ക് പ്രതിവര്‍ഷം 18 ശതമാനത്തിലധികം പലിശ ഈടാക്കരുതെന്നും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വീടുകളുടെ നികുതി വര്‍ധനവും ബില്ലിലുണ്ട്. 278.7 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് നികുതിയില്ല. 278.7 ചതുരശ്ര മീറ്റര്‍ മുതല്‍ 464.5 വരെയുള്ള കെട്ടിടങ്ങള്‍ക്ക് 4,000 രൂപയാണ് വാര്‍ഷിക നികുതിയായി ഈടാക്കുക.
454.50 ചതുരശ്രമീറ്ററിനും 697.75 ചതുരശ്രമീറ്ററിനും ഇടയിലുള്ള വീടുകള്‍ക്ക് 6,000 രൂപയും 696.75 ചതുരശ്രമീറ്ററിനും 929 ചതുരശ്ര മീറ്ററിനും ഇടയില്‍ 8,000 രൂപയും 929 ചതുരശ്രമീറ്ററിന് മുകളിലുള്ള വീടുകള്‍ക്ക് പതിനായിരം രൂപയും നികുതിയായി നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.ബില്‍ പാസാകുന്നതോടെ സംസ്ഥാന ഗവണ്‍മെന്റ് നികുതികളില്‍ കുടിശിക വരുത്തിയിട്ടുള്ള വ്യാപാരികള്‍ക്ക് ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും അവസരം ലഭിക്കും.
കുടിശിക ഒറ്റത്തവണയായി അടയ്ക്കാന്‍ അടുത്ത മാര്‍ച്ച് 31 വരെ അവസരം നല്‍കിയിട്ടുണ്ട്. ഒറ്റത്തവണ നികുതി ഒടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നികുതി നിര്‍ണയത്തിന് എതിരായി നല്‍കിയ എല്ലാ കേസുകളും പിന്‍വലിക്കേണ്ടിവരും.
സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിലെ വിനോദനികുതി വര്‍ധിപ്പിക്കുന്ന ഭേദഗതിയും ധനകാര്യബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനകാര്യബില്‍ പരിഗണിക്കുന്നതിനാല്‍ ചോദ്യോത്തരവേളയും ശൂന്യവേളയും ഇന്നലെ ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."