പീഡാനുഭവ വഴിയില്‍ മുള്‍ക്കിരീടമണിഞ്ഞു കോടിയേരി
പുത്രദുഃഖത്താല്‍ ഉള്ളുനീറിയ രാഷ്ട്രീയനേതാക്കള്‍ കേരളത്തില്‍ ഒരുപാടുണ്ട്. മുജ്ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മത്തില്‍ മക്കളായി പുനര്‍ജന്മമെടുത്ത കഥയുടെ വിവരണം കേരള രാഷ്ട്രീയത്തിലും ഏറെ പറഞ്ഞുകേട്ടിട്ടുണ്ട്. മക്കളെ സൂര്യനായി തഴുകിയുറക്കിയ കോടിയേരി സഖാവും ഇന്ന് പുത്രദുഃഖത്തിന്റെ ഇടവഴിയിലാണ്. എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ പോലെയാണ് സി.പി.എമ്മില്‍ എന്നും കോടിയേരിയെ പ്രവര്‍ത്തകര്‍ കണ്ടിട്ടുള്ളത്. കെ. കരുണാകരന്‍ മുതല്‍ ആര്‍. ബാലകൃഷ്ണപിള്ള വരെ അമിത പുത്രവാത്സല്യത്തിന്റെ ചൂടും ചൂരും അറിഞ്ഞവരാണ്. കോണ്‍ഗ്രസിലെ ആദര്‍ശധീരനായ സാക്ഷാല്‍ അറക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിയും മകന്‍ അനില്‍ ആന്റണിയുടെ പേരില്‍ യൂത്തരുടെ പഴി ഏറെ കേട്ടുകഴിഞ്ഞു.
പിതാവിന്റെ അധികാരത്തണലില്‍ മക്കള്‍ ഊഞ്ഞാലാടുന്നത് പുതിയ കാര്യമല്ല. എന്നാല്‍, കോടിയേരിയുടെ മക്കള്‍ പലപ്പോഴും അച്ഛന്റെ വിപ്ലവപ്പാര്‍ട്ടിയില്‍ വിവാദങ്ങളുടെ കൊടിയേറ്റിയിട്ടുണ്ട്. അതിന്റെ കണക്കുകൂട്ടാന്‍ എഞ്ചുവടിയും പഞ്ചാംഗവും ഒന്നല്ല ഒട്ടനവധി എടുത്തുനോക്കേണ്ടിവരും. കിളിരൂര്‍, കവിയൂര്‍, പോള്‍ മുത്തൂറ്റ് തൊട്ട് അറബിക്കഥകള്‍ വരെ കോടിയേരി സഖാവിനെ പാര്‍ട്ടിയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിനു പിന്നില്‍ അരുമകളായ രണ്ടുമക്കളാണ്. അവരുടെ താതനായിപ്പോയതാണോ താന്‍ ചെയ്ത തെറ്റെന്ന് സഖാവ് ചോദിച്ചെന്നിരിക്കാം.
മറുനാടന്‍പെണ്ണിനെ രഹസ്യവിവാഹം കഴിച്ച് ലൈംഗിക വിവാദത്തില്‍ അകപ്പെട്ട മൂത്ത മകനാണ് ഒടുവില്‍ കോടിയേരിയുടെ ഇടനെഞ്ചില്‍ തീ കോരിയിട്ടത്. മകനിട്ട തീക്കനല്‍ കെട്ടടങ്ങാന്‍ പാവം കോടിയേരി കുറച്ചുദിവസം ആശ്രമജീവിതം തെരഞ്ഞെടുത്തിട്ടും വിവാദങ്ങളുടെ സൂര്യശോഭ ആളിക്കത്തുകയായിരുന്നു. ബിനോയിയുടെ കാര്യത്തില്‍ പറഞ്ഞതിലൊക്കെ പതിരു കണ്ടതോടെ പലതും മാറ്റിപ്പറയേണ്ട ഗതികേടിലാണ് ഇന്ന് കോടിയേരി. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ സി.പി.എമ്മിലേക്ക് കടന്നുവന്ന കോടിയേരി ഇന്ന് പാര്‍ട്ടിയുടെ പരമോന്നത വേദിയായ പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമാണ്.
ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ അവശേഷിക്കുന്ന പച്ചത്തുരുത്തായി കേരളം മാറിയതോടെ സംസ്ഥാന സെക്രട്ടറി പദവിയെന്നത് ചില്ലറ കാര്യമല്ല. പിണറായിക്കു ശേഷം ആരെന്ന നക്ഷത്രശോഭയുള്ള വിമര്‍ശകരുടെ ചോദ്യത്തിന് കോടിയേരിയുടെ ചിരിക്കുന്ന മുഖമാണ് പാര്‍ട്ടി ഭൂമികയില്‍ കൊടിയേറ്റി നില്‍ക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള നേതാക്കളില്‍ അധികവും കണ്ണുരുട്ടുന്നവരും കാട്ടാള ഭാവം പൂണ്ടവരുമാണെന്ന എതിരാളികളുടെ വിമര്‍ശനത്തിന്റെ മുനയൊടിക്കുന്നതാണ് കോടിയേരിയുടെ മന്ദഹാസം. കണ്ണൂര്‍ കല്ലറ തലായി എല്‍.പി സ്‌കൂള്‍ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകന്‍ പാര്‍ട്ടിയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പിയപ്പോഴൊക്കെ കൈയില്‍ നിറഞ്ഞത് അധികാരത്തിന്റെയും പദവികളുടെയും പവിഴപ്പുറ്റുകളായിരുന്നു.
പിണറായി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ രണ്ടാമനാരാണെന്ന് ഇ.പി ജയരാജനൊഴിച്ച് പാര്‍ട്ടിയിലോ ഇടതുമുന്നണിയിലോ മറ്റൊരു പേര് ആരും ഉച്ചരിക്കില്ല. പാര്‍ട്ടിയുടെ മച്ചകത്തിലേക്ക് ഏതു ബിംബങ്ങള്‍ ചാഞ്ഞാലും, അതിന് എത്ര സ്വര്‍ണശോഭയുണ്ടായാലും പാര്‍ട്ടിയുടെ കരങ്ങള്‍ അതുവെട്ടിമാറ്റുന്നതാണ് പതിവ്. അതിന് വി.എസ് എന്നോ പി.ജെ എന്ന പി. ജയരാജനെന്നോ വ്യത്യാസമില്ല. പി. ജയരാജന്റെ മക്കള്‍ കല്ലു ചുമന്നതും ഹോട്ടല്‍ വേല ചെയ്തതുമൊന്നും പ്രത്യയശാസ്ത്രത്തിന്റെ ഭൂതക്കണ്ണാടിയില്‍ തെളിഞ്ഞുകാണില്ല. ഇത്തരം ബിംബങ്ങളും അത് സൃഷ്ടിക്കുന്ന പ്രതിബിംബങ്ങളുമാണ് എന്നും പാര്‍ട്ടിയുടെ കണ്ണിലെ നക്ഷത്രങ്ങള്‍.
ബിനോയിക്കെതിരേയുള്ള കേസ് അന്വേഷിക്കുന്നത് മഹാരാഷ്ട്ര പൊലിസായതിനാലാണ് ലുക്കൗട്ട് നോട്ടിസ് സി.പി.എമ്മിനെ തുറിച്ചുനോക്കുന്നത്. കഴിഞ്ഞ പാര്‍ട്ടി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും കോടിയേരി അല്ലാതെ മറ്റൊരു പാര്‍ട്ടി സെക്രട്ടറിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സഖാക്കള്‍ക്കാവില്ല. അധികാര കേന്ദ്രങ്ങളിലെ ധാര്‍ഷ്ട്യഭാവത്തിനെ പാര്‍ട്ടി തുലനം ചെയ്യുന്നതു തന്നെ പലപ്പോഴും കോടിയേരിയുടെ ഹാസഭാവം കൊണ്ടാണുതാനും.
1970ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി 1973ല്‍ കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും അതേ വര്‍ഷം തന്നെ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായും മാറി. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം മിസ തടവുകാരനായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി കോടിയേരി.
1988ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായി. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും 1995ലെ കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2002ല്‍ കേന്ദ്ര കമ്മിറ്റിയിലെത്തിയ കോടിയേരി 2008ല്‍ കോയമ്പത്തൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസിലാണ് പൊളിറ്റ് ബ്യൂറോ അംഗമായത്. 2001 മുതല്‍ 2006 വരെ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2006 മെയ് 18 മുതല്‍ 2011 മേയ് 18 വരെ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തരം, വിജിലന്‍സ്, ജയില്‍, അഗ്നിശമനം, സംയോജനം, ടൂറിസം എന്നീ വകുപ്പുകള്‍ വഹിച്ചു.
2015ലെ ആലപ്പുഴ സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായത്. ഈ റെക്കോര്‍ഡുകളാണ് കോടിയേരിയെന്ന അതികായന്റെ ചിരിക്കു പിന്നില്‍. ഈ ചിരി മായാതെ നോക്കാനാണ് പാര്‍ട്ടിക്കു താല്‍പര്യം. അതിനാല്‍ പുത്രന്റെ കൊച്ചുകൊച്ചു കുസൃതിത്തരങ്ങള്‍ക്ക് താതനെങ്ങനെ ഉത്തരവാദിയാകുമെന്നാണ് മാറ്റൊരു പി.ബി അംഗമായ ബേബി സഖാവും ചോദിക്കുന്നത്. അതിനാല്‍ വിവാദ വിഷയം അളവുകോല്‍വച്ച് അളന്ന പാര്‍ട്ടി അതിന് വ്യക്തിപരമെന്നു നിര്‍വചനവും നല്‍കി. വിവാദങ്ങള്‍ പൂമൂടിക്കഴിഞ്ഞതോടെ ആള്‍ക്കൂട്ടത്തില്‍ തനിയെ ആണ് ഇപ്പോള്‍ കോടിയേരി. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കണമെന്നാണ് പാര്‍ട്ടി ആചാര്യന്‍ മാര്‍ക്‌സ് പറഞ്ഞു പഠിപ്പിച്ചത്. അതുകൊണ്ട് പാര്‍ട്ടിയുടെ ശത്രുക്കള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."