പ്രളയാനന്തരം പുഴയോര ജലസ്രോതസുകളിലും വീട്ടുകിണറുകളിലും അന്‍പത് ശതമാനത്തിലധികം ഇ-കോളി ബാക്റ്റീരിയ
പട്ടാമ്പി: പ്രളയത്തിന് മുമ്പ് ശുദ്ധമായിരുന്ന കിണറുകളിലും മറ്റു ജലസ്രോതസുകളിലും ഇപ്പോള്‍ ഇ-കോളി ബാക്റ്റീരിയയുടെ ആധിക്യം അധികമെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തി. ഭാരതപ്പുഴ, തൂതപ്പുഴ, പെരിയാര്‍ തുടങ്ങിയ നദീതീരങ്ങളിലാണ് രൂക്ഷമായ ജലമലിനീകരണം കണ്ടെത്തിയത്.
ആദ്യകാലങ്ങളില്‍ കിണറില്‍ പ്രാണികളും മറ്റ് ജീവികളുമൊക്കെ ചത്താലും, പത്ത് വര്‍ഷത്തോളം കിണര്‍ ഉപയോഗിക്കാതെ കിടന്നാല്‍ മാത്രമാണ് വെള്ളം പരിശോധിച്ചിരുന്നത്. എന്നാലിപ്പോള്‍ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിനു ശേഷം ജലമലിനീകരണ ഭീതിയില്‍ നിരവധി പേര്‍ വെള്ളത്തിന്റെ പരിശുദ്ധി അറിയാന്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ്. ഇവയില്‍ ബോര്‍വെല്ലുകാരും ഹോട്ടലുകാരും വീട്ടുകാരും ഉള്‍പ്പെടുന്നുണ്ട്. പട്ടാമ്പിയിലെ ഒരു സ്വകാര്യ ലാബില്‍ ദിനേന ശരാശരി ഏഴ് സാമ്പിളുകള്‍ പരിശോധനക്കെത്തുന്നുണ്ട്. പുഴ നിറഞ്ഞ് കവിഞ്ഞതിന് ശേഷം പല ഭാഗങ്ങളിലേയും വെള്ളത്തില്‍ അമോണിയയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ശതമാനം അമോണിയയാണ് ഇപ്പോള്‍ വെള്ളത്തില്‍ കാണുന്നത്. ഇവ ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കും. കുഴല്‍ കിണറിലെ വെള്ളത്തില്‍ അയേണിന്റെ അളവ് കൂടിയാല്‍ അത് ഭക്ഷണ പദാര്‍ഥങ്ങള്‍ കേട് വരുത്തും. കൂടാതെ വെള്ളത്തിന് നിറം മാറ്റവും മണവും ഉണ്ടാവും. കോളിഫാം ബാക്റ്റീരിയ പല രോഗങ്ങള്‍ക്കും കാരണമാവും.
ഇത് 30 ശതമാനത്തില്‍ താഴെയാണെങ്കില്‍ വെള്ളം തിളപ്പിച്ച് ഉപയോഗിക്കാമെന്നാണ് ലാബ് പരിശോധകര്‍ വ്യക്തമാക്കുന്നത്. തെക്കന്‍ കേരളത്തില്‍ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല നടത്തിയ സാമ്പിള്‍ പരിശോധനയില്‍ കിണര്‍ വെള്ളത്തില്‍ അമ്ലാംശം വര്‍ധിച്ചതായി ഈയിടെ കണ്ടെത്തിയിരുന്നു. വെള്ളത്തില്‍ ചളിയുടെ തോത് മുപ്പത് ശതമാനത്തോളം വര്‍ധിച്ചതിനാല്‍ ഓക്‌സിജന്റെ അളവ് ക്രമാതീതമായി താഴ്ന്നതായും കാണപ്പെട്ടു. ഒരു ലിറ്റര്‍ കുടിവെള്ളത്തില്‍ നാല് മില്ലിഗ്രാം എങ്കിലും ഓക്‌സിജന്‍ ഉണ്ടാകണം. ലാബ് റിപ്പോര്‍ട്ടിലേറെയും ഇത് കാണപ്പെട്ടത് കുറഞ്ഞ തോതിലാണ്. രാസ പരിശോധനക്കു പുറമെ മൈക്രോ ബയോളജി പരിശോധനയും നടത്തി. 90 ശതമാനം കിണര്‍ വെള്ളത്തിലും അനുവദനീയമായതിന്റെ പതിന്മടങ്ങാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം. ജലസ്രോതസുകളില്‍ വന്‍തോതില്‍ വിസര്‍ജ്യ മാലിന്യം കലര്‍ന്നതായി മറ്റൊരു പരിശോധനയിലും തെളിഞ്ഞു. സാംക്രമിക രോഗങ്ങള്‍ക്ക് സാധ്യത വര്‍ധിച്ചതിനാല്‍ കിണര്‍ വെള്ളം ശുദ്ധീകരിച്ച് തിളപ്പിച്ച് മാത്രമേ കുടിക്കാവൂ എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും മറ്റും നടത്തി വെള്ളം ശുദ്ധീകരിക്കണം. തുടര്‍ന്ന് വെള്ളം ഫില്‍റ്റര്‍ ചെയ്യണം. കഴുകിയ മണലും ചിരട്ട കരിയും ചേര്‍ത്ത് കിഴികെട്ടി ആഴ്ചയില്‍ നാലുനാള്‍ വെള്ളത്തില്‍ താഴ്ത്തി കിണര്‍ വെള്ളം ശുദ്ധീകരിക്കാം. വേനലില്‍ ഇത് മുന്‍ കരുതലാവുമെന്ന് മേലെ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന അക്വാ പൂള്‍ ലാബിലെ വാട്ടര്‍ ടെസ്റ്റ് അനലിസ്റ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."