മിണാലൂര്‍ റെയില്‍വേ അടിപ്പാത പരിസരത്ത് മാലിന്യം നിറയുന്നു
വടക്കാഞ്ചേരി : അത്താണി മിണാലൂര്‍ റെയില്‍വേ അടിപ്പാത പരിസരത്ത് മാലിന്യം നിറയുന്നു.
മാലിന്യം തള്ളാനുള്ള കേന്ദ്രമായി ഈ പ്രദേശത്തെ ഒരു വിഭാഗം ജനങ്ങള്‍ കാണുമ്പോള്‍ മാലിന്യ കൂമ്പാരം നിറയുകയാണ് പാതയോരത്ത്. ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ. ചീഞ്ഞ് നാറുകയാണ് മേഖല . വീടുകളില്‍ ബാക്കിയാവുന്ന ഭക്ഷണ അവശിഷ്ടങ്ങളും, ആവശ്യമില്ലാത്തതും, ഉപയോഗശൂന്യമായതുമായ സാധന സാമഗ്രികളുമെല്ലാം വലിയ തോതില്‍ നിക്ഷേപിച്ചിരിയ്ക്കുകയാണ് ഇവിടെ.
തെരുവ് നായ്ക്കളും, കാക്ക കളും, മറ്റ് പക്ഷികളുമൊക്കെ മാലിന്യം കടിച്ച് വലിച്ചും, കൊത്തി വലിച്ചുമൊക്കെ നാടാകെ പരത്തുന്നു. ഇരുചക്രവാഹനങ്ങളിലും, മറ്റ് വാഹനങ്ങളിലുമൊക്കെ എത്തുന്നവര്‍ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം വലിച്ചെറിയുകയാണ്. ജനവാസ മേഖലയല്ല എന്നത് കൊണ്ടു തന്നെ മാലിന്യ നിക്ഷേപകര്‍ക്ക് അത് ഏറെ സഹായകരമാവുകയാണ്.
വീടുകളിലെ ഉപയോഗശൂന്യമായ കിടക്കകള്‍, വരെ പാതയോരത്ത് നിക്ഷേപിയ്ക്കുന്നു. പൊട്ടിയ ചെരിപ്പുകളുടെ ഒരു കൂമ്പാരം തന്നെ ഇവിടെയുണ്ട്. ചത്ത ജീവികളെ തള്ളാനും ഏറെ സൗകര്യം. സ്വന്തം വീട്ടിലെ മാലിന്യം കൊണ്ട് ഒരു സമൂഹത്തിനാകെ ദുരിതം സമ്മാനിയ്ക്കുന്നവര്‍ ഒരു നാടിന് ജലസമൃദ്ധി നല്‍കുന്ന ജലാശയങ്ങളേയും, തണ്ണീര്‍തടങ്ങളേയും നശിപ്പിയ്ക്കുകയാണ്.
പ്രദേശത്തെ വയലേലകളിലും മാലിന്യം നിറയുന്നു. ഇത് മൂലം തണ്ണീര്‍ തടങ്ങളില്‍ നിന്ന് മലിന ജലം മേഖലയിലെ കിണറുകള്‍, അടക്കമുള്ള ജലസ്രോതസുകളിലേയ്ക്കും ഒലിച്ചെത്തുന്ന സ്ഥിതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."