പാലാരിവട്ടം പാലം അഴിമതി: കൂടുതല്‍ പേര്‍ കുരുക്കില്‍; ഫയലില്‍ ഒപ്പിട്ട ഉദ്യോഗസ്ഥരെല്ലാം പ്രതികള്‍
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ വ്യവസായ സെക്രട്ടറിയായ എ.പി മുഹമ്മദ് അനീഷിനെ പ്രതിചേര്‍ത്തതിനു പിന്നാലെ കൂടുതല്‍ ഉദ്യോഗസ്ഥരെകൂടി പ്രതിച്ചേര്‍ത്തു. നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇപ്പോള്‍ 17 ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കിറ്റ്‌കോയിലെ രണ്ട് ഉദ്യോഗസ്ഥരും ഇവരില്‍ ഉള്‍പ്പെടും.
കരാറുകാരന് വായ്പ അനുവദിക്കാനുള്ള ഫയലില്‍ ഒപ്പുവെച്ച ഉദ്യോഗസ്ഥരെയെല്ലാം പ്രതികളാക്കാനാണ് തീരുമാനം. ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ഖജനാവിന് 84 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.
കേസില്‍ പത്താം പ്രതിയാണ് ഹനീഷ്. പാലാരിവട്ടം പാലത്തിന്റെ കരാര്‍ നല്‍കുമ്പോള്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍(ആര്‍.ഡി.ബി.സി)എം.ഡിയായിരുന്നു അദ്ദേഹം.
പാലം നിര്‍മാണത്തിന് അനധികൃത വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നെന്നും സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നതിനുമാണ് കേസ്. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ കമ്പനിക്ക് സര്‍ക്കാര്‍ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു.
പാലം നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാര്‍ കമ്പനിയായ ആര്‍ഡിഎസ്സിന് എട്ടേക്കാല്‍ കോടി രൂപ മുന്‍ കൂറായി നല്‍കാന്‍ ശുപാര്‍ശ നല്‍കിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസില്‍ അറസ്റ്റിസായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജാണ് വിജിലന്‍സിന് മൊഴി നല്‍കിയത്.
ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായ ഹനീഷിനെ കഴിഞ്ഞ മെയില്‍ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ പക്ഷേ ടി.ഒ.സൂരജിന്റെ ആരോപണങ്ങള്‍ മുഹമ്മദ് ഹനീഷ് തള്ളി. മുന്‍കൂര്‍ തുക ആവശ്യപ്പെട്ടുളള കമ്പനിയുടെ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തത്. ഒരു വിധത്തിലും കമ്പനിക്കായി താന്‍ ശുപാര്‍ശ നടത്തിയിട്ടില്ലെന്നും ഹനീഷ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
പാലാരിവട്ടംപാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. കുറ്റകരമായ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, അനധികൃത സ്വത്ത് സമ്പാദനം നടത്തി, തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."