വായ്പ വാങ്ങിയ 15 ലക്ഷം രൂപ എം.എല്‍.എയുടെ ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി
തൊടുപുഴ: തെരഞ്ഞെടുപ്പ് ചെലവിലേക്കായി വായ്പ വാങ്ങിയ 15 ലക്ഷം രൂപ എം.എല്‍.എയുടെ ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോളുടെ ഭര്‍ത്താവ് പി.ജെ. റെജിക്കെതിരെയാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി ലഭിച്ചിരിക്കുന്നത്.
2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഉപ്പുതറ കോതപാറ കപ്പാലുമൂട്ടില്‍ കെ.എം. ജോണ്‍ ആണ് പരാതിക്കാരന്‍. റെജിയുടെ ഏലപ്പാറയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ് ജോണും ഭാര്യയും. ഈ ബന്ധം മുതലെടുത്താണ് തട്ടിപ്പിന് കളമൊരുക്കിയത്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി ജോണിന്റെ പേരിലുള്ള 79.5 സെന്റ് സ്ഥലം ഏലപ്പാറ കേരള ഗ്രാമീണ്‍ ബാങ്കില്‍ പണയം വയ്ക്കുകയായിരുന്നു. വായ്പയായി ലഭിച്ച തുക അതേ ബാങ്കില്‍ ജോണിന്റെ പേരില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തു.
റെജി തന്നെയാണ് 2016 മെയ് 11ന് രേഖകള്‍ ജോണില്‍നിന്ന് ഒപ്പിട്ട് വാങ്ങിയത്. 13ന് ബാങ്കില്‍ ചെല്ലണമെന്നാവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ജോണ്‍ 13ന് ബാങ്കില്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 15 ലക്ഷം റെജി പിന്‍വലിച്ചതായി അറിയുന്നത്. ജോണ്‍ എന്ന പേരില്‍ തന്റെ വ്യാജ ഒപ്പിട്ട് ചെക്ക് നല്‍കിയാണ് തുക പിന്‍വലിച്ചത്.തുക മടക്കി ചോദിച്ചപ്പോള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും പണം നല്‍കാന്‍ തയാറായില്ല. പിന്നീട് ജോണിന് ബാങ്കില്‍നിന്നു ജപ്തി നോട്ടിസ് ലഭിച്ചു. ഇതോടെ എം.എല്‍.എയെ കണ്ടു സങ്കടം പറഞ്ഞെങ്കിലും തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ജോണ്‍ പറയുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ പീരുമേട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."