ബിനുകുമാറിനെ അനുസ്മരിച്ചു
തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വി സീനിയര്‍ ക്യാമറാമാന്‍ എം. ബിനുകുമാറിന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബും കേരള പത്രപ്രവര്‍ത്തക യൂനിയനും സംയുക്തമായി പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
ജീവിതം മറന്ന് ജോലിയെ സ്‌നേഹിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു ബിനുകുമാറെന്ന് ഉമ്മന്‍ചാണ്ടി അനുശോചന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റെടുക്കുന്നതെന്തും പൂര്‍ത്തിയാക്കാനുള്ള വ്യഗ്രതയും ഉത്തരവാദിത്തവും ബിനുവിന്റെ പ്രത്യേകതയായിരുന്നു. ജോലിയില്‍ കൃത്യതയും ആത്മാര്‍ത്ഥതയും എന്നും കാത്തുസൂക്ഷിച്ച മനുഷ്യസ്‌നേഹിയായിരുന്നു ബിനുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രി എം. വിജയകുമാര്‍, ജയ്ഹിന്ദ് ടി.വി എം.ഡി എം.എം ഹസന്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, കെ.പി മോഹനന്‍, കെ. ശ്രീകണ്ഠന്‍, കെ. പ്രസന്നകുമാര്‍, രാജ്‌മോഹന്‍, മനോജ് ഭാരതി, ബി.എസ് ഷിജു, സജിത് കുമാര്‍ വഴയില സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ജി. പ്രമോദ് നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."